 
കൊടുങ്ങല്ലൂർ: പി.എസ്.സി പിൻവാതിൽ നിയമനങ്ങൾക്കെതിരെ യുവമോർച്ച മണ്ഡലം കമ്മിറ്റി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ചന്തപ്പുരയിൽ നിന്നും മുദ്രാവാക്യങ്ങളുമായെത്തിയ പ്രവർത്തകരെ തടയാൻ പൊലീസ് റോഡിൽ ബാരിക്കേഡ് കെട്ടിയിരുന്നു.
പ്രകടനക്കാർ ഇത് തള്ളിമാറ്റാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടയിൽ പ്രവർത്തകരിൽ ഒരാൾക്ക് സാരമായി പരിക്കേറ്റു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് ജിതേഷിന്റെ അദ്ധ്യക്ഷതയിൽ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ ഹരി സമരം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.എസ് വിനോദ്, ജനറൽ സെക്രട്ടറി എൽ.കെ മനോജ്, ശ്യാംജി മാടത്തിങ്കൽ, രഞ്ജിത്, അഡ്വ. ജിതിൻ ചെമ്പ്ര, അംജിത്, സുജിത്ത് എരവത്തൂർ, ശ്രീകുമാർ പുത്തൻചിറ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
സമരത്തെ തുടർന്ന് രാവിലെ മുതൽ നഗരത്തിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സമീപത്തെ കച്ചവട സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ നേരിടാൻ തക്ക സംവിധാനങ്ങൾ പൊലീസ് ഒരുക്കിയിരുന്നു. ഇരിങ്ങാലക്കുട സബ് ഡിവിഷന്റെ കീഴിലുള്ള മുഴുവൻ പൊലീസ് സേനയും രാവിലെ മുതൽ നഗരത്തിൽ തമ്പടിച്ചിരുന്നു. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതിന്റെ പേരിൽ യുവമോർച്ച പ്രവർത്തകരായ 18 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. നാൽപ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു.