
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവം നിയന്ത്രണങ്ങളോടെ നടത്താൻ ദേവസ്വം ഭരണ സമിതി തീരുമാനം. ഉത്സവ ദിനങ്ങളിൽ ഒരു ദിവസം 5,000 പേർക്കാണ് ദർശനം. വാദ്യത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും നിയന്ത്രണമുണ്ടാകും. ക്ഷേത്രത്തിനകത്ത് പഴുക്കാ മണ്ഡപം എഴുന്നള്ളിക്കുമ്പോൾ നടക്കുന്ന തായമ്പകയ്ക്കും നിയന്ത്രണമുണ്ട്.
ഉത്സവ ദിവസങ്ങളിൽ ക്ഷേത്ര ദർശനത്തിന് വെർച്വൽ ക്യൂ വഴി 3000 പേർക്ക് ദർശനം അനുവദിക്കും. ഇതിന് പുറമെ നെയ് വിളക്ക് വഴിപാട് നടത്തുന്നവർ, തദ്ദേശവാസികൾ, ജീവനക്കാർ, ജീവനക്കാരുടെ കുടുംബാംഗങ്ങൾ എന്നിവർ അടക്കം ഒരു ദിവസം ആകെ 5000 പേർക്ക് ദർശനം അനുവദിക്കും. ആനയോട്ടത്തിന് ഇത്തവണ ഒരാന മാത്രമേ ഉണ്ടാകൂ. ഒരാനയെ മാത്രം ഓടിക്കുന്നതിനാണ് കളക്ടർ അനുമതി നൽകിയത്. മൂന്ന് ആനയ്ക്കായി ദേവസ്വം കത്ത് നൽകുന്നുണ്ട്. ക്ഷേത്രത്തിനുള്ളിൽ ഉത്സവനാളുകളിൽ നടക്കുന്ന കാഴ്ചശീവേലിക്ക് മേളത്തിനും പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിലെ കുളപ്രദക്ഷിണത്തിന് നടക്കുന്ന മേളം, പഞ്ചവാദ്യം എന്നിവയിലും 35 വീതം വാദ്യകലാകാരന്മാരെ മാത്രമേ പങ്കെടുപ്പിക്കൂ. ഭരണസമിതി യോഗത്തിൽ ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എ.വി. പ്രശാന്ത്, ഇ.പി.ആർ. വേശാല, അഡ്വ. കെ.വി മോഹനകൃഷ്ണൻ, അഡ്മിനിസ്‌ട്രേറ്റർ ടി. ബ്രീജാകുമാരി എന്നിവർ പങ്കെടുത്തു.
മറ്റ് ക്രമീകരണങ്ങൾ ഇവ
രണ്ടാം വിളക്ക് മുതൽ എട്ടാം വിളക്ക് കൂടിയുള്ള ദിവസങ്ങളിൽ രാത്രി വടക്കേ തിരുമുറ്റത്ത് സ്വർണ്ണ പഴുക്കാ മണ്ഡപം എഴുന്നള്ളിക്കുമ്പോൾ നടക്കുന്ന തായമ്പക ഒന്നാക്കി
ക്ഷേത്രത്തിനുള്ളിലെ മേളം, തായമ്പക എന്നിവ ഒരു മണിക്കൂർ വീതവും കുളപ്രദക്ഷിണം ഒന്നര മണിക്കൂറായും നിജപ്പെടുത്തി
പഴുക്കാമണ്ഡപ ദർശനത്തിന് ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് മുഖേനയും ജീവനക്കാരുടെ കുടുംബാംഗങ്ങൾക്കും തദ്ദേശ വാസികൾക്കും പാസ് മുഖേനയും ദർശനം
വെർച്വൽ ക്യൂ വഴി 150 പേർക്ക് രാത്രി 8.30 മുതൽ 9.30 വരെ പഴുക്കാമണ്ഡപ ദർശനം
പ്രദേശികവാസികൾക്കും ജീവനക്കാരുടെ കുടുംബാംഗങ്ങൾക്കും പഴുക്കാമണ്ഡപ ദർശനത്തിനുള്ള പാസ് അതാത് ദിവസം വൈകിട്ട് 8 മുതൽ 9 വരെ പ്രത്യേക കൗണ്ടർ വഴി
പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിൽ നടക്കുന്ന ഗ്രാമപ്രദക്ഷിണത്തിന് ദേവസ്വം വക പറവെപ്പ്
ഉത്സവ ദേശപ്പകർച്ചയ്ക്ക് പകരമുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം അവകാശികൾക്ക് നൽകിയ മുൻകൂർ കൂപ്പൺ പ്രകാരം കൗസ്തുഭം കോമ്പൗണ്ടിലെ നാരായണീയം ഹാളിൽ
ഭക്തർ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യ വകുപ്പ്;
പുനഃപരിശോധിക്കണമെന്ന് ദേവസ്വം
ഗുരുവായൂർ: ഗുരുവായൂർ ഉത്സവ നാളുകളിൽ ക്ഷേത്ര ദർശനത്തിന് വരുന്ന ഭക്തർ ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രം ക്ഷേത്ര ദർശനം അനുവദിച്ചാൽ മതിയെന്നാണ് ദേവസ്വത്തിന് നിർദേശം നൽകിയത്. എന്നാൽ ഇത് ഭക്തർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശം പുന:പരിശോധിച്ച് ഒഴിവാക്കണമെന്ന് കളക്ടറോട് ആവശ്യപ്പെട്ട് കത്ത് നൽകാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.
മുളയറയിൽ നാളെ വീണ്ടും മുളയിടും
ഗുരുവായൂർ: ഗുരുവായൂരിൽ ഉത്സവാഘോഷങ്ങളുടെ ഭാഗമായി മുളയറയൊരുക്കി നാളെ വീണ്ടും മുളയിടും. പള്ളിവേട്ട കഴിഞ്ഞ് ഉറങ്ങുന്ന ഭഗവാന് ചുറ്റും അലങ്കരിക്കാനാണിത്. ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിലെ പ്രകൃതി സങ്കല്പം കൂടിയായ ചടങ്ങിന് വളരെ പ്രസക്തിയുണ്ട്. ഉത്സവം ഒമ്പതാം വിളക്കിനാണ് മുളയറയിൽ നിന്നും ഈ മുള എടുക്കുക.
നേരത്തെ കലശച്ചടങ്ങുകൾക്ക് തുടക്കമാകുമ്പോഴും ക്ഷേത്രം നാലമ്പലത്തിനകത്തെ മണിക്കിണറിനരികിൽ മുളയറ ഒരുക്കി മുളയിട്ടിരുന്നു. അത് കലശക്കുടങ്ങളിൽ നിറയ്ക്കുന്നതിനായി ഇന്നലെ പുറത്തെടുത്തിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവക്കാല വിശേഷങ്ങളിലൊന്നാണ് ഈ മുളയറ ഒരുക്കലും മുളയിടലും.