ഗുരുവായൂർ: തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പ്രാധാന്യം നൽകി ഗുരുവായൂർ നഗരസഭ ബഡ്ജറ്റ്. ഗുരുവായൂരിൽ ലാഭകരമല്ലാതെ പ്രവർത്തിക്കുന്ന റിസോർട്ടുകൾ ചെറുകിട ഐ.ടി ഹബുകളാക്കി പരിവർത്തനപ്പെടുത്തി തൊഴിൽ മേഖലയിലെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കും.

അഭ്യസ്തവിദ്യരായ യുവതികൾക്കായി സ്വയംസംരഭക സഹായ പരിപാടികൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിക്കും. തൊഴിൽ പരിശീലനത്തിനും പലിശ സബ്‌സിഡികൾക്കുമായി 35 ലക്ഷം രൂപ ബഡ്ജറ്റിൽ മാറ്റിവച്ചു. പ്രവാസികൾക്കും മറ്റ് സംരംഭകർക്കുമായി സംരഭകത്വ ഹെൽപ് ഡെസ്‌ക് ആരംഭിക്കും. ഭിന്ന ശേഷിക്കാർക്ക് പ്രത്യേക സ്വയം തൊഴിൽ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കും.

ഗുരുവായൂരിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾക്ക് സംരക്ഷണം ഉറപ്പ് വരുത്താനും, അവശ്യ വസ്തുക്കൾ വീട്ടിലെത്തിച്ച് നൽകുന്നതിനും കുടുംബശ്രീയുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കും. മമ്മിയൂർ മുതൽ പടിഞ്ഞാറെ നട വരെയുള്ള റോഡ് വീതി കൂട്ടുന്നതിനും മമ്മിയൂർ സെന്റർ വികസനത്തിനും പദ്ധതി തയ്യാറാക്കും. 2.5 കോടി രൂപ ഇതിനായി വകയിരുത്തി.

എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ ബഡ്ജറ്റിൽ സ്ഥാനം പിടിച്ചിരുന്ന മമ്മിയൂർ ജംഗ്ഷനിൽ മേൽപ്പാലം നിർമ്മിക്കുന്നതിനായുള്ള പദ്ധതി ഇത്തവണ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. തിരുവെങ്കിടം സബ് വേ യാഥാർത്ഥ്യമാക്കുന്നതിനായി 3.5 കോടി രൂപയും വകയിരുത്തി. ചക്കംകണ്ടം കായലിനെ കേന്ദ്രീകരിച്ച് സമഗ്ര ടൂറിസം പാക്കേജ് നടപ്പിലാക്കുന്നതിന് ഈ വർഷം അനുമതി വാങ്ങും.

ലേസർഷോ, മ്യൂസിക് ഫൗണ്ടൻ, യന്ത്ര രഹിത ബോട്ടിംഗ്, സീ ഫുഡ് റസ്റ്റോറന്റുകൾ എന്നിവ പാക്കേജിൽ ഉൾപ്പെടുത്തും. പുഴയോര പാർക്കും വ്യായാമത്തിനായി നടപ്പാതയും തുറന്ന ജിംനേഷ്യവും ഒരുക്കും.
240.65 കോടി രൂപ വരവും 238.36 കോടി രൂപ ചിലവും 22.86 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് നഗരസഭ വൈസ് ചെയർപേഴ്‌സൺ അനീഷ്മ ഷനോജ് അവതരിപ്പിച്ചത്. ചെയർമാൻ എം. കൃഷ്ണദാസ് അദ്ധ്യക്ഷനായി. ബഡ്ജറ്റ് ചർച്ച ഇന്ന് രാവിലെ കൗൺസിൽ ഹാളിൽ നടക്കും.