കല്ലൂർ: തൃക്കൂർ പഞ്ചായത്തിലെ വികസന മുരടിപ്പിനും യു.ഡി.എഫ് ഭരണസമിതിയുടെ പക്ഷപാതപരമായ നിലപാടിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് യോഗം ബഹിഷ്‌കരിച്ചു. 2021-22 വർഷത്തെ പദ്ധതി രേഖ അംഗീകരിക്കുന്നതിനായി വിളിച്ചു ചേർത്ത അടിയന്തര യോഗത്തിൽ
യു.ഡി.എഫ് അംഗങ്ങളുടെ വാർഡുകൾക്ക് ഏഴ് ലക്ഷം അനുവദിച്ചപ്പോൾ എൽ.ഡി.എഫ് അംഗങ്ങളുടെ വാർഡുകളിൽ അഞ്ച് ലക്ഷം രൂപയാണ് വകയിരുത്തിയത്. പഞ്ചായത്തിലെ 17 വാർഡുകളിലും ഒരുപോലെ ഫണ്ട് അനുവദിക്കണമെന്ന് എൽ.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു.
കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ പൈപ്പ് ലൈൻ ഇല്ലാത്ത വാർഡുകളിൽ പൈപ്പിടാനും, അയ്യപ്പൻകുന്ന് കുടിവെള്ള പദ്ധതിയിൽ കൂടുതൽ വെള്ളം പമ്പ് ചെയ്യുന്നതിനായി പുതിയ മോട്ടോർ സ്ഥാപിക്കണമെന്നും, വാർഡ് എട്ടിലെ നൂറോളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് അയ്യൻങ്കോട് കുളം കെട്ടി സംരക്ഷിക്കാൻ ഫണ്ട് അനുവദിക്കാത്തതിലും, ശ്മശാനത്തിന് വേണ്ടിയുള്ള പഞ്ചായത്ത് വക ഭൂമിയിൽ ശ്മശാനം നിർമ്മിക്കാൻ ഫണ്ട് അനുവദിക്കാത്തതിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് അംഗങ്ങൾ യോഗം ബഹിഷ്‌കരിച്ചു. തുടർന്ന് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ പ്ലക്കാർഡുകളുമായി പ്രതിഷേധ സമരം നടത്തി. കെ.കെ. സലീഷ്, കപിൽ രാജ്, ഹനീന, മേഴ്‌സി സ്‌കറിയ, മായ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.