
കൊവിഡ് പ്രതിരോധത്തിൽ വീഴ്ച വരുത്താതെ തൃശൂർപൂരം ഭംഗിയായി നടത്താൻ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചതായും പൂരം എക്സിബിഷനും സാമ്പിൾ വെടിക്കെട്ടും ഒഴിവാക്കാൻ ഇരുദേവസ്വങ്ങളും സമ്മതിച്ചുവെന്ന് ജില്ലാ കളക്ടർ അറിയിച്ചതായും ഔദ്യോഗികമായി വ്യക്തമാക്കിയതിനു പിന്നാലെ ജില്ലാ ഭരണകൂടവും ദേവസ്വങ്ങളും തമ്മിൽ വെട്ടും തടയും. പൂരത്തോടനുബന്ധിച്ച് നടത്താറുള്ള സാമ്പിൾ വെടിക്കെട്ടും എക്സിബിഷനും ഒഴിവാക്കാൻ സമ്മതമറിയിച്ചെന്ന പ്രചാരണം തീർത്തും വസ്തുതാവിരുദ്ധമാണെന്നാണ് പാറമേക്കാവ് -ദേവസ്വം ഭാരവാഹികളുടെ ആരോപണം. ഒഴിവാക്കാനാകുന്ന ചടങ്ങുകളേതെന്ന് നിർദേശിക്കാൻ കളക്ടർ ആവശ്യപ്പെട്ടിട്ടേയുള്ളൂവെന്നും അവർ പറയുന്നു. വെടിക്കെട്ട് ഒഴിവാക്കാൻ സമ്മതിച്ചിട്ടില്ലെന്നും നിയന്ത്രണം ലംഘിച്ചാൽ കേസെടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും രാഷ്ട്രീയപാർട്ടികളുടെ യോഗങ്ങൾക്കില്ലാത്ത വിലക്ക് ഉത്സവങ്ങൾക്ക് ഏർപ്പെടുത്തരുതെന്നുമാണ് ദേവസ്വം പറയുന്നത്. യോഗം നടന്ന് ഏതാനും മണിക്കൂറുകൾ മാത്രം കഴിഞ്ഞപ്പോഴാണിത്. വെടിക്കെട്ടിനെയും എഴുന്നെളളപ്പിനെയും സംബന്ധിച്ച തർക്കങ്ങളാണ് മുൻകാലങ്ങളിൽ ഭരണകൂടവും ഉദ്യോഗസ്ഥരും ദേവസ്വങ്ങളും തമ്മിലുണ്ടാകാറുളളതെങ്കിൽ, ഈ വർഷം കൊവിഡാണ് വില്ലൻ. കൂടുതൽ ആളുകൾ പൂരപറമ്പിലേക്കെത്തിയാൽ ദേവസ്വം ഭാരവാഹികൾക്കെതിരെ കേസെടുക്കാനും അനുമതി നൽകിയിട്ടില്ലെന്ന് ദേവസ്വം ഭാരവാഹികൾ പറയുന്നു. പക്ഷേ, പൂരം നടത്തണമെന്ന കാര്യത്തിൽ ഭരണകൂടത്തിനും പൊലീസിനും ദേവസ്വങ്ങൾക്കും തർക്കമില്ല.
പൂരം നടത്തിപ്പിന്റെ സാദ്ധ്യതകൾ പരിശോധിക്കാൻ കളക്ടർ എസ്. ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ, ആരോഗ്യ, പോലീസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെല്ലാം പങ്കെടുത്തിരുന്നു. ഈ വർഷം ഏപ്രിൽ 23നാണ് പൂരം. സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് നടത്താവുന്ന ചടങ്ങുകളുടെ പട്ടിക ദേവസ്വം അധികൃതർ കളക്ടർക്ക് കൈമാറിയിട്ടുണ്ട്. ഈ മാസം 27ന് ആരോഗ്യ-പൊലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ പൂരപ്പറമ്പ് സന്ദർശിച്ച് പങ്കെടുപ്പിക്കാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച റിപ്പോർട്ട് നൽകും. പൂരത്തിനു മുൻപുള്ള ദിവസങ്ങളിലെ കൊവിഡ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഇളവുകൾ നിർദേശിക്കാനാകൂവെന്നാണ് കളക്ടറുടെ നിലപാട്. ആനകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് അടക്കമുള്ള തീരുമാനങ്ങൾ പിന്നീട് ചേരുന്ന യോഗത്തിലാണ് സ്വീകരിക്കുക. മുഴുവൻ ചടങ്ങുകളോടെ പൂരം നടത്തുന്നതിനെക്കുറിച്ച് ജില്ലാഭരണകൂടത്തിന്റെ ആശങ്ക ഇനിയും ഒഴിഞ്ഞിട്ടില്ല. പൂരം പ്രദർശനം രോഗവ്യാപനത്തിനിടയാക്കിയാൽ അത് പൂരത്തെ ബാധിച്ചേക്കുമെന്ന ഭീതിയുമുണ്ട്. അതുകൊണ്ടു തന്നെ പൂരത്തിന് മുമ്പുള്ള ദിനങ്ങളിലെ കൊവിഡ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമേ കൂടുതൽ ഇളവുകൾ നിർദ്ദേശിക്കാനാകൂ എന്ന നിലപാടിലാണ് കളക്ടർ. ചുരുക്കത്തിൽ പൂരപ്പറമ്പ് എങ്ങനെയാകുമെന്ന് യാതൊരു വ്യക്തതയും ഇല്ല. കൊവിഡ് വാക്സിൻ കൂടുതൽ പേർക്ക് നൽകുകയും വൈറസ് വരുതിയിലാവുകയും ചെയ്താൽ പഴയപടി പൂരം കാണാം. ഇല്ലെങ്കിൽ, പേരിനൊരു പൂരമാകാനും വഴിയുണ്ട്.
രാമാ നീയും...
പൂരത്തിന്റെ പ്രതിസന്ധി ആഘാതം സൃഷ്ടിച്ച നാളിൽ തന്നെ പതിനായിരങ്ങളുടെ പ്രിയങ്കരനായ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേർപ്പെടുത്തിയതും പൂരപ്രേമികൾക്ക് വേദനയായി. ഉത്സവങ്ങളിലും പൊതുപരിപാടികളിലും എഴുന്നള്ളിക്കുന്നതിന് വനംവകുപ്പ് വീണ്ടും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. രാമചന്ദ്രനെ ഉപാധികളോടെ എഴുന്നള്ളിക്കാൻ നൽകിയ ജില്ലാ നാട്ടാന നിരീക്ഷണ സമിതിയുടെ അനുമതിയിലെ നിബന്ധന തെറ്റിച്ചതിനാണ് വനംവകുപ്പിന്റെ വിലക്ക്.
ആനയുടെ അഞ്ച് മീറ്റർ അടുത്തേക്ക് ആളുകളെ അടുപ്പിക്കരുതെന്ന നിബന്ധന തെറ്റിച്ചുവെന്നാണ് കുറ്റം. വിലക്ക് താത്കാലികമാണ്. ആനയുടെ കാഴ്ചയ്ക്കുള്ള തകരാറുകൾ മൂടിവെച്ചതിനെ സംബന്ധിച്ച് വിശദീകരണം നൽകാനും ചീഫ് വൈൽഡ് ലൈഫ് വാർഡൻ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ നൽകിയ ഫിറ്റ്നസ് റിപ്പോർട്ടിൽ ആനയ്ക്ക് ഒരു കണ്ണിന് കാഴ്ചയില്ലെന്ന് പരാമർശിച്ചിരുന്നില്ല. രാമചന്ദ്രനെ എഴുന്നള്ളിക്കാൻ തൃശൂർ ജില്ലാ നാട്ടാന നിരീക്ഷണ സമിതി നൽകിയ അനുമതി റദ്ദാക്കണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
പാലക്കാട്, തൃശൂർ ജില്ലകളിൽ എഴുന്നള്ളിക്കുന്നതിന് തൃശൂർ ജില്ലാ നാട്ടാന നിരീക്ഷണസമിതി നൽകിയ അനുമതി റദ്ദാക്കണമെന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് ആണ് നിർദ്ദേശം നൽകിയത്. 2019 ഫെബ്രുവരിയിൽ ഗുരുവായൂരിൽ ഗൃഹപ്രവേശനത്തിനെത്തിച്ച കൊമ്പൻ ചടങ്ങിനിടെ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഇടഞ്ഞോടുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് രാമചന്ദ്രന് എഴുന്നള്ളിപ്പിന് വിലക്കേർപ്പെടുത്തിയത്. പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് തൃശൂർ പൂരത്തിന്റെ വിളംബരമായ തെക്കെ ഗോപുരവാതിൽ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂർ നേരത്തേക്ക് നിബന്ധനകളോടെ രാമചന്ദ്രനെ എഴുന്നള്ളിച്ചിരുന്നു.
കഴിഞ്ഞവർഷം പൂരം നടന്നിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ചേർന്ന നാട്ടാനനിരീക്ഷണസമിതി യോഗത്തിൽ എഴുന്നള്ളിപ്പിനായി വിദഗ്ധസമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രാമചന്ദ്രന് അനുമതി നൽകിയത്. പൂരപ്പറമ്പുകളിൽ രാമചന്ദ്രൻ എത്തിയത് വലിയ ആഘോഷമായി മാറിയിരുന്നു. ഫേസ് ബുക്കിലും വാട്ട്സാപ്പിലുമെല്ലാം രാമചന്ദ്രന്റെ രണ്ടാം വരവ് തരംഗമായി. സൂപ്പർസ്റ്റാറുകളെപ്പോലെ ആരാധകരുള്ള കൊമ്പൻ വാടകയുടെ കാര്യത്തിലും റെക്കാഡ് നേടിയിട്ടുണ്ട്. ഒടുവിൽ കൊവിഡ് കാലത്ത് തൃശൂർ പൂരത്തിനുമേൽ വീണ്ടും ആശങ്കയുടെ നിഴൽ വീഴുമ്പോൾ, ആരാധകർ വേദനയോടെ വിളിക്കുകയാണ്, ''രാമാ നീയും.... ''