തൃശൂർ: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ കിടക്ക, തലയിണ യൂണിറ്റ് ഒളരിയിൽ തുറന്നു. ജില്ലാ ഖാദി കേന്ദ്രത്തിൽ സിൽക്ക് കോട്ടൺ കിടക്കയും തലയിണയുമാണ് നിർമ്മിക്കുക. ജില്ലാ പഞ്ചായത്തിന്റെ 2019- 20, 2020 - 21 വർഷങ്ങളിലെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി പൊതുവികസന ഫണ്ടിൽ നിന്ന് കെട്ടിടത്തിനും മറ്റ് അനുബന്ധ ഉപകരണങ്ങൾക്കുമായി തുക അനുവദിച്ചിരുന്നു. ഇതിൽ ഒരു വിഹിതം വിനിയോഗിച്ചാണ് കെട്ടിടം പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്. ബാക്കിയുള്ളത് കിടക്ക നിർമാണ ഉപകരണങ്ങൾ, അസംസ്‌കൃത വസ്തുക്കൾ എന്നിവ വാങ്ങുന്നതിനുമായി വകയിരുത്തി. ഉപകരണങ്ങൾ കിറ്റ്‌കോയിൽ നിന്നും ലഭ്യമാകുന്ന മുറയ്ക്ക് ഉത്പന്നങ്ങൾ നിർമിച്ച് വിപണിയിൽ എത്തിക്കും.
ജില്ലയിൽ ഏറ്റവുമധികം വിൽപ്പന നടക്കുന്ന ഉത്പന്നങ്ങളിൽ ഒന്നാണ് കിടക്കയും തലയിണയും. ഇവ ആവശ്യാനുസരണം ലഭിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിലാണ് സ്വന്തമായി കിടക്ക യൂണിറ്റ് ജില്ലാ കേന്ദ്രം ആരംഭിച്ചത്. ഇതോടെ പ്രോജക്ടിന് ഈ മേഖലയിൽ സ്വയംപര്യാപ്തത കൈവരുകയും ആവശ്യക്കാർക്ക് യഥാസമയം നൽകാൻ സാധിക്കുകയും ചെയ്യും. അധികം നിർമിക്കുന്ന കിടക്ക, തലയണ എന്നിവ മറ്റു പ്രോജക്ടുകൾക്ക് കൈമാറി അധികവരുമാനം നേടാനും കഴിയും.
............................
അനുവദിച്ച ഫണ്ട്: 15 ലക്ഷം
കെട്ടിടനിർമ്മാണത്തിന്: 8 ലക്ഷം
ഉപകരണങ്ങളും അസംസ്കൃതവസ്തുക്കളും വാങ്ങാൻ: 7 ലക്ഷം
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് രൂപീകൃതമായത്: 1957ൽ
ജില്ലയില്‍ ഉളളത്: 3 ഖാദി ഗ്രാമ സൗഭാഗ്യകളും ഒരു ഏജന്‍സി ഭവനും
............................
കൊവിഡിൽ തളർന്നെങ്കിലും...
ഓണസീസണിലാണ് ഖാദി ഉത്പന്നങ്ങളുടെ വിൽപ്പന ഏറ്റവുമധികം നടക്കാറുള്ളത്. ഇത്തവണ കൊവിഡ് മൂലം കനത്ത പ്രതിസന്ധിയിൽ ആയിരുന്നു ഖാദി മേഖല. കൊവിഡ് രോഗപ്രതിരോധം ലക്ഷ്യമിട്ട് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് മാസ്‌ക്കുകൾ നിർമിച്ചിരുന്നു.
സ്വന്തമായി വികസിപ്പിച്ചെടുത്ത പരിഷ്‌കരണ രീതികളാണ് ഖാദിയിൽ നടപ്പിലാക്കി വരുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും യുവാക്കൾക്കുമായി പുതിയ ട്രെൻഡുകളിൽ എത്തുമ്പോഴും കടുത്ത മത്സരം ഖാദി നേരിടേണ്ടി വരുന്നുണ്ട്. പ്രതിസന്ധികൾക്കിടയിലും ഓണം അടക്കമുള്ള ഉത്സവസീസണുകളിൽ റിബേറ്റ് നൽകുന്ന രീതി ഇപ്പോഴും തുടർന്നു വരുന്നുണ്ട്. അതേസമയം, ഖാദി തുണിത്തരങ്ങൾക്കും മറ്റ് ഉത്പന്നങ്ങൾക്കും മുമ്പത്തേക്കാൾ ഡിമാൻഡ് കൂടുന്നുമുണ്ട്. വേനൽക്കാലത്ത് പ്രത്യേകിച്ചും ഖാദി തുണിത്തരങ്ങൾക്ക് ഡിമാൻഡ് കൂടുമെന്ന പ്രതീക്ഷയുമുണ്ട്.