pooram

തൃശൂർ: വെടിക്കെട്ടിനെയും എഴുന്നെള്ളിപ്പിനെയും സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളുമാണ് മുൻവർഷങ്ങളിൽ തൃശൂർ പൂരത്തിനുമേൽ ആശങ്കയുടെ നിഴൽ വീഴ്ത്തിയതെങ്കിൽ ഈയാണ്ടിൽ കൊവിഡാണ് വില്ലൻ. ഇനിയും എത്രകണ്ട് കൊവിഡ് ശക്തമാകുമെന്നതിനെ ആശ്രയിച്ചിരിക്കും തൃശൂർ പൂരം. നിയന്ത്രണങ്ങളോടെ മാത്രമേ പൂരം നടത്താനാകൂ എന്ന നിലപാട് ഭരണകൂടം ആവർത്തിക്കുമ്പോൾ, പ്രദർശനവും സാമ്പിളും ഒഴിവാക്കാനാവില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ.

പൂരം നടത്തിപ്പിനുളള പ്രധാനവരുമാനം കണ്ടെത്തുന്നത് പ്രദർശനത്തിലൂടെയാണ്. പ്രദർശനം നടന്നില്ലെങ്കിൽ പൂരം എല്ലാ ചടങ്ങുകളോടെയും നടത്താനാകില്ലെന്ന നിലപാടിലാണ് ദേവസ്വങ്ങൾ. പ്രദർശനത്തിൽ കൊവിഡ് സ്ഥിരീകരിച്ചാൽ കണ്ടെയ്ൻമെന്റ് സോൺ ആക്കേണ്ടി വരുന്നത് പൂരത്തെ ബാധിക്കുമെന്ന മുന്നറിയിപ്പാണ് ഭരണകൂടം നൽകുന്നത്. കളക്ടറുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ, പ്രദർശനവും വെടിക്കെട്ടും ഒഴിവാക്കാൻ ഇരുദേവസ്വങ്ങളും സമ്മതിച്ചുവെന്ന പ്രചാരണത്തിന് പിന്നാലെ ദേവസ്വങ്ങൾ ഇക്കാര്യം നിഷേധിച്ചിരുന്നു. ഒഴിവാക്കാനാകുന്ന ചടങ്ങുകളേതെന്ന് നിർദേശിക്കാൻ കളക്ടർ ആവശ്യപ്പെട്ടിട്ടേയുള്ളൂവെന്നും രാഷ്ട്രീയപാർട്ടികളുടെ യോഗങ്ങൾക്കില്ലാത്ത വിലക്ക് ഉത്സവങ്ങൾക്ക് ഏർപ്പെടുത്തരുതെന്നുമാണ് ദേവസ്വം പറയുന്നത്.

ഏപ്രിൽ 23നാണ് പൂരം. ഈ മാസം 27ന് ആരോഗ്യപൊലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ പൂരപ്പറമ്പ് സന്ദർശിച്ച് പങ്കെടുപ്പിക്കാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച റിപ്പോർട്ട് നൽകും. പൂരത്തിനു മുൻപുള്ള ദിവസങ്ങളിലെ കൊവിഡ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഇളവുകൾ നിർദേശിക്കാനാകൂവെന്നാണ് കളക്ടറുടെ നിലപാട്. മാർച്ച് അവസാനത്തോടെ ഇത് സംബന്ധിച്ച തീരുമാനമായേക്കുമെന്നാണ് കരുതുന്നത്. പൂരം നടത്തണമെന്ന നിലപാട് തന്നെയാണ് ഭരണകൂടത്തിനും പൊലീസിനുമുളളത്.

കൊവിഡ് വാക്‌സിൻ കൂടുതൽ പേർക്ക് നൽകുകയും വൈറസ് വ്യാപനം കുറയുകയും ചെയ്താൽ പഴയപടി പൂരം കാണാമെന്ന പ്രതീക്ഷയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കുവെയ്ക്കുന്നത്.

പൂരത്തിനു മേൽ ആശങ്കയുടെ നിഴൽ വീഴുമ്പോൾ, കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേർപ്പെടുത്തിയതും ആനപ്രേമികളെ നിരാശരാക്കി. ഉത്സവങ്ങളിലും പൊതുപരിപാടികളിലും എഴുന്നള്ളിക്കുന്നതിന് വനംവകുപ്പാണ് വീണ്ടും വിലക്കേർപ്പെടുത്തിയത്. 2019 ഫെബ്രുവരിയിൽ ഗുരുവായൂരിൽ കൊമ്പന്റെ കുത്തേറ്റ് രണ്ട് പേർ മരിച്ചതോടെയുണ്ടായ വിലക്ക്, പ്രതിഷേധങ്ങളെ തുടർന്ന് നീക്കി. തെക്കെ ഗോപുരവാതിൽ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂർ നേരം നിബന്ധനകളോടെ എഴുന്നള്ളിച്ചിരുന്നു. കഴിഞ്ഞവർഷം പൂരം നടന്നിരുന്നില്ല. ഫെബ്രുവരി അഞ്ചിന് ചേർന്ന നാട്ടാന നിരീക്ഷണസമിതി യോഗത്തിൽ എഴുന്നള്ളിപ്പിനായി വിദഗ്ധസമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയത്. കഴിഞ്ഞദിവസങ്ങളിൽ പൂരപ്പറമ്പുകളിൽ രാമചന്ദ്രൻ എത്തിയത് ആവേശമായി. ഫേസ്ബുക്കിലും വാട്ട്‌സാപ്പിലുമെല്ലാം രണ്ടാം വരവ് വൈറലായി.

'പൂരം പ്രദർശനവും സാമ്പിൾ വെടിക്കെട്ടും നടത്തണമെന്നു തന്നെയാണ് ദേവസ്വത്തിന്റെ നിലപാട്. അതിനുളള സാഹചര്യം ഉരുത്തിരിയുമെന്നും അനുവാദം ലഭിക്കുമെന്നും പ്രതീക്ഷയുണ്ട്.'

- ജി. രാജേഷ്, ദേവസ്വം സെക്രട്ടറി,പാറമേക്കാവ്


'പൂരം പ്രദർശനവും സാമ്പിൾ വെടിക്കെട്ടും നടന്നാൽ മാത്രമേ പൂരം നടത്തിപ്പിനുളള വരുമാനം സ്വരൂപിക്കാൻ കഴിയൂ. ഒഴിവാക്കാൻ കഴിയാത്ത ചടങ്ങുകളിൽ സാമ്പിൾ വെടിക്കെട്ടും പ്രദർശനവും ഉൾപ്പെടുത്തിയിട്ടുണ്ട്. വെടിക്കെട്ട് ചടങ്ങിന്റെ ഭാഗം തന്നെയാണ്. .'

- എൻ. രവി, ദേവസ്വം സെക്രട്ടറി,തിരുവമ്പാടി