മാള: കൊട്ടും പാട്ടും കളിയുമായി ദേവിയെ പ്രകീർത്തിക്കുന്ന വി.ആർ. അയ്യപ്പന് പാക്കനാർ വാദ്യത്തിൽ ഫോക്‌ലോർ പുരസ്കാരം. അന്നമനട പഞ്ചായത്തിലെ വെണ്ണൂർ രണ്ടാം വാർഡിൽ വെളുത്താട്ട് അയ്യപ്പൻ രണ്ട് പതിറ്റാണ്ടിലേറെയായി ഈ രംഗത്ത് സജീവമാണ്. പാരമ്പര്യമായി പാക്കനാർ വാദ്യത്തെ ജീവിതത്തിന്റെ ഭാഗമാക്കിയ കുടുംബമാണ്. ആധുനിക വാദ്യത്തിൽ പലതും പാക്കനാർ വാദ്യത്തിലൂടെ എത്തിയതാണ്. ചെണ്ട വാദ്യ ഉപകരണമായുള്ള കലാ പ്രകടനമാണ് പാക്കനാർ വാദ്യത്തിലുള്ളത്. കൊട്ടും കളിയും മുടിയാട്ടവും ഇതിന്റെ ഭാഗമാണ്. ഒരു ക്ഷേത്ര കലയായി അറിയപ്പെടുന്ന പാക്കനാർ വാദ്യത്തിൽ പാട്ടിനും ആട്ടത്തിനും പ്രാധാന്യമുണ്ട്. 58 കാരനായ അയ്യപ്പന് ലഭിച്ച പുരസ്‌കാരം നാടിന് തന്നെ അഭിമാന നേട്ടമായി. പ്രാചീന വാദ്യകലയായ പാക്കനാർ വാദ്യത്തിന് തന്റേതായ ഇടം കണ്ടെത്തിയ അയ്യപ്പൻ ഈ രംഗത്തെ അപൂർവ്വം ചിലരിൽ ഒരാളാണ്. ഭാര്യ: അജിത. മക്കൾ: വിഷ്ണു, ആര്യ.