
തൈക്കാട്ടുശേരി: ആയുർവേദരംഗത്ത് ഔഷധനിർമ്മാണ ഗവേഷണത്തിന് പ്രാധാന്യം നൽകുന്ന വൈദ്യരത്നം ആയുർവേദ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്‌തു. ചീഫ് വിപ്പ് അഡ്വ.കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. കേരള ആരോഗ്യ സർവകലാശാല രജിസ്‌ട്രാർ ഡോ.എ.കെ. മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തി.
വൈദ്യരത്‌നം ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ അഷ്ടവൈദ്യൻ ഇ.ടി. നീലകണ്ഠൻ മൂസ്സ്, എക്‌സിക്യൂട്ടിവ് ഡയറക്ടർ അഷ്ടവൈദ്യൻ ഇ.ടി. യദു നാരായണൻ മൂസ്സ്, വൈദ്യരത്‌നം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഹെഡ് ഡോ.ബി. ഷീല കാറളം, ടെക്‌നിക്കൽ അഡ്വൈസർ ഡോ.സി.ഐ. ജോളി, വാർഡ് കൗൺസിലർ സി.പി. പോളി, വൈദ്യരത്‌നം ഗ്രൂപ്പ് ജനറൽ മാനേജർ ടി.എൻ. നീലകണ്ഠൻ എന്നിവർ സംസാരിച്ചു.
അഷ്ടവൈദ്യ പാരമ്പര്യത്തിൽ ഊന്നിയുളള പ്രവർത്തനങ്ങളെ തനിമ ചോരാതെ ജനകീയമാക്കുകയാണ് ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ഉദ്യമം. ആയുർവേദത്തിൽ പരിചയസമ്പന്നരായ ഗവേഷകരുടെയും ചികിത്സകരുടെയും ഇതര ശാസ്ത്രശാഖകളിൽ പരിചയസമ്പന്നരായ ഗവേഷകരുടെയും കൂട്ടായ്മ ഈ സംരംഭത്തിന് മുതൽക്കൂട്ടാണ്.