election

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യങ്ങളുടെ സർട്ടിഫിക്കേഷനും, പെയ്ഡ് ന്യൂസുകൾ പരിശോധിക്കുന്നതിനും ഇത് സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിനുമായി ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) രൂപീകരിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ എസ്. ഷാനവാസ്,ആർ.ഡി.ഒ: എൻ.കെ. കൃപ, അക്ഷയ ജില്ലാ പ്രൊജക്ട് മാനേജർ മെവിൻ വർഗീസ്, യു.എൻ.ഐ സീനിയർ ജേർണലിസ്റ്റ് മോഹൻദാസ് പാറപ്പുറത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ എന്നിവരടങ്ങുന്ന അഞ്ചംഗ സമിതിയാണ് ഇതിനായി നിയോഗിക്കപ്പെട്ടിട്ടുള്ളത്.

ടെലിവിഷൻ ചാനലുകളിലും കേബിൾ നെറ്റ് വർക്കുകളിലും ഏതെങ്കിലും രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾ, സംഘടനകൾ, സ്ഥാനാർത്ഥികൾ എന്നിവർ പരസ്യം ചെയ്യുന്നതിന് മുൻപ് ഈ കമ്മിറ്റിയുടെ അനുമതി നേടിയിരിക്കണം. സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങളുടെ പ്രീ സർട്ടിഫിക്കേഷൻ, പണം അടച്ചുള്ള വാർത്തകളുടെ നിരീക്ഷണം, തിരഞ്ഞെടുപ്പ് പ്രക്രിയ ഉൾപ്പെടെയുള്ള മാദ്ധ്യമ ലംഘന കേസുകൾ നിരീക്ഷിക്കൽ എന്നിവയാണ് എം.സി.എം.സിയുടെ പ്രധാന പ്രവർത്തനങ്ങൾ. വിവിധ മാദ്ധ്യമങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങൾ നൽകുന്നതിന് ഈ കമ്മിറ്റി (എം.സി.എം.സി) മുൻകൂട്ടി സാക്ഷ്യപ്പെടുത്തണം. വോട്ടെടുപ്പ് ദിവസത്തിലും പോളിംഗിന് ഒരു ദിവസം മുമ്പും പ്രിന്റ് മീഡിയ പരസ്യങ്ങളും പ്രീസർട്ടിഫിക്കറ്റ് ചെയ്യണം.