
കൊടകര: ഇലകളിൽ ചിത്രങ്ങൾ കൊത്തിയെടുത്ത് ശ്രദ്ധേയയാകുകയാണ് ആളൂർ പട്ടേരി ലോറൻസിന്റെ മകൾ സിന്റ. ലോക് ഡൗൺ കാലത്താണ് ഇലകളിൽ ചിത്രങ്ങൾ മെനഞ്ഞെടുക്കാൻ തുടങ്ങിയത്.
പൂർണ്ണമായും സാമൂഹിക മാദ്ധ്യമങ്ങളെ ആശ്രയിച്ചായിരുന്നു പരിശീലനം. ആദ്യം ചെറിയ ചെറിയ രൂപങ്ങളാണ് ചെയ്ത് തുടങ്ങിയത്. പിന്നീട് ആന, കുതിര, ഗരുഡൻ തുടങ്ങിയവയുടെ രൂപങ്ങൾ നിർമ്മിച്ചു. കൂടാതെ ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ടോവിനോ, ജയസൂര്യ, ദുൽഖർ സൽമാൻ എന്നിവരുടെ ചിത്രങ്ങളും നിർമ്മിച്ചു.
ആൽ, പ്ലാവ്, ഐനിപ്ലാവ്, മാങ്കോസ്റ്റിൻ എന്നീ മരങ്ങളുടെ ഇലകളാണ് കൂടുതലായും നിർമ്മാണത്തിനായി ഉപയോഗിക്കാറ്. ഇല ശേഖരിച്ചു കഴിഞ്ഞാൽ ദിവസങ്ങളോളം ഉണക്കി സൂക്ഷിക്കും. നല്ലത് പോലെ ഉണങ്ങിയ ശേഷം അതിൽ ചിത്രം വരയ്ക്കും.
പിന്നീട് സർജിക്കൽ ബ്ലേഡ്, പെൻ ടൂൾ എന്നിവ ഉപയോഗിച്ച് കട്ട് ചെയ്‌തെടുക്കും. നിമിഷനേരം കൊണ്ട് ഇലകളിൽ ചിത്രം കൊത്തിയെടുക്കുന്ന ഈ മിടുക്കി ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സിൽ ഇടം നേടിയിട്ടുണ്ട്. ജനുവരി 20 ന് ഓൺലൈനായി നടത്തിയ മത്സരത്തിൽ നാല് മണിക്കൂർ കൊണ്ട് ഇന്ത്യയിലെ ഇരുപത് ചരിത്രസ്മാരകങ്ങളുടെ പേരും അവ സ്ഥിതി ചെയ്യുന്ന സ്ഥലവും ഇലകളിൽ കാർവ് ചെയ്താണ് റെക്കാഡ് കരസ്ഥമാക്കിയത്.
ലീഫ് ആർട്ട് അസോസിയേഷനിലെ അംഗം കൂടിയായ സിന്റയെ ഗുജറാത്ത് , തമിഴ്‌നാട്, മുംബയ് തുടങ്ങിയ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ആളുകളാണ് തങ്ങളുടെ ചിത്രങ്ങൾ ഇലകളിൽ കാർവ് ചെയ്തു കിട്ടുവാൻ സമീപിക്കുന്നത്. ഒരു ചിത്രകാരി കൂടിയായ സിന്റ തന്റെ വീടിന്റെ ചുമരുകളിൽ അക്രിലിക് പെയിന്റ് ഉപയോഗിച്ച് നിരവധി ചിത്രങ്ങളും വരച്ചിട്ടുണ്ട്. മാള ജീസസ് അക്കാഡമിയിലെ ഒന്നാം വർഷ ബി.എഡ് വിദ്യാർത്ഥിനിയായ സിന്റയ്ക്ക് പിന്തുണയുമായി പിതാവ് ലോറൻസും, അമ്മ ബ്ലെസ്സിയും, സഹോദരങ്ങളായ ലിന്റോയും, ബിന്റോയും ഉണ്ട്.