ഇരിങ്ങാലക്കുട : കേരള ജനപക്ഷം പാർട്ടി ഇരിങ്ങാലക്കുട മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതോടെ മണ്ഡലത്തിൽ ശക്തമായ മത്സരത്തിന് സാദ്ധ്യതയേറി. നഗരത്തിന്റെ പല ഭാഗങ്ങളിലും ജനപക്ഷത്തിന്റെ പേരിൽ ചുവരെഴുത്തിനുള്ള ബുക്കിംഗ് നടത്തിയിട്ടുണ്ട്. എന്നാൽ മുസ്ലിം ലീഗ്‌ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കന്മാർ പി.സി. ജോർജ് എം.എൽ.എയെക്കൂടി യു.ഡി.എഫിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് നടത്തിവരുന്ന ചർച്ചയുടെ അന്തിമ തീരുമാനം അനുസരിച്ചേയ തീരുമാനം ഉണ്ടാകൂവെന്ന് യുവജനപക്ഷം സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. ഷൈജോ ഹസൻ പറഞ്ഞു.

ജനപക്ഷം പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും കാലിക്കറ്റ് സർവകലാശാല മുൻ സെനറ്റ് അംഗവുമായ പ്രൊഫ. സെബാസ്റ്റ്യൻ ജോസഫ്, യുവജനപക്ഷം നേതാവും അഭിഭാഷകനുമായ സുബീഷ് ശങ്കർ എന്നിവരെയാണ് പി.സി ജോർജ് സ്ഥാനാർത്ഥിത്വത്തിനായി ഉയർത്തിക്കാട്ടുന്നത്. ക്രൈസ്റ്റ്‌ കോളേജിൽ ദീർഘകാലം അദ്ധ്യാപകനായിരുന്ന സെബാസ്റ്റ്യൻ ജോസഫിന് മണ്ഡലത്തിലുള്ള വിപുലമായ വ്യക്തിബന്ധം മുതൽക്കൂട്ടാകുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. തിരഞ്ഞെടുപ്പിൽ ജനപക്ഷം സ്ഥാനാർത്ഥി നേടുന്ന വോട്ടുകൾ നിർണ്ണായകമാകും. യു.ഡി.എഫിലെ ഘടക കക്ഷിയായ കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗത്തിന് മണ്ഡലത്തിൽ സംഘടനാ സംവിധാനം ദുർബ്ബലമാണെന്ന കോൺഗ്രസ് പാർട്ടിയുടെ വിമർശനമാണ് ഇത്തവണ മണ്ഡലത്തെ ശ്രദ്ധാ കേന്ദ്രമാക്കിയത്. മുൻ എം.എൽ.എ അഡ്വ. തോമസ് ഉണ്ണിയാടനായി കേരള കോൺഗ്രസ് ജില്ലാ നേതൃത്വം ശക്തമായി രംഗത്തെത്തെത്തിയിട്ടുണ്ട്.

ഇതിനിടെ കത്തോലിക്ക, യാക്കോബായ സഭാ നേതൃത്വങ്ങളുടെയും ദളിത് സംഘടനകളുടെയും പരസ്യമായ പിന്തുണയാർജിച്ച് യു.ഡി.എഫുമായി സംസ്ഥാന തലത്തിൽ സീറ്റ് ധാരണയിലെത്താൻ ശ്രമിക്കുകയാണ് പി.സി. ജോർജ്. ആദ്യഘട്ടത്തിൽത്തന്നെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി അല്ലെങ്കിൽ പാലാ എന്നിവയ്ക്കു പുറമേ ഇരിങ്ങാലക്കുടയും മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളായ പേരാമ്പ്രയോ താനൂരോ കൽപ്പറ്റയോ ലഭിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ജനപക്ഷത്തിന് സംഘടനാ സംവിധാനം ഉള്ള മണ്ഡലങ്ങളിലൊന്നാണ് ഇരിങ്ങാലക്കുട. ചീഫ് വിപ്പ് സ്ഥാനം രാജിവച്ച പി.സി. ജോർജ് പൂഞ്ഞാറിന് പുറത്ത് ആദ്യമായി പങ്കെടുത്ത പൊതുസ്വീകരണം ഇരിങ്ങാലക്കുടയിലായിരുന്നു. ബി.ജെ.പി. സ്ഥാനാർത്ഥിയായി ജേക്കബ്ബ്‌ തോമസ് ഇരിങ്ങാലക്കുടയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എൽ.ഡി.എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ്‌ ജോസ് കെ. മാണി വിഭാഗം ഇരിങ്ങാലക്കുടയിൽ കണ്ണുവച്ചിട്ടുണ്ടെങ്കിലും അവരുടെ സ്ഥാനാർത്ഥി ആരെന്ന് പ്രഖ്യാപിച്ചിട്ടില്ല.