വടക്കാഞ്ചേരി: മകരച്ചൂടിനെ വകവയ്ക്കാതെ നെൽവയലുകളിലൂടെയും ഇടവഴികളിലൂടെയും ആരവം മുഴക്കി ഓടിയെത്തിയ പൊയ്ക്കുതിരകൾ കാവിൽ സംഗമിച്ചതോടെ മച്ചാട് മാമാങ്കം തട്ടകവാസികൾക്കും ഉത്സവപ്രേമികൾക്കും ആ വേശമായി. ഉച്ചയോടെ ആചാരവെടികൾ മുഴക്കി ഓരോ തട്ടക ദേശക്കാരും കുതിരകളെ തോളിലേറ്റി കാവിലേക്ക് പുറപ്പെട്ടു.
വഴിനീളെ കുതിരകളെ സ്വീകരിക്കാൻ സ്ത്രീകളും, കുട്ടികളും അടക്കമുള്ളവർ കാത്തു നിന്നിരുന്നു. മംഗലം അയ്യപ്പൻകാവിലെ വെളുത്ത ആൺകുതിരയാണ് ആദ്യം കാവിൽ സ്ഥാനം പിടിച്ചത്. പിന്നാലെ പാർളിക്കാട് ദേശവും, പിറകെ കരുമത്ര, വിരുപ്പാക്ക, മണലിത്തറ എന്നീ ദേശക്കാരും കുതിരകളുമായി ക്ഷേത്രത്തിലെത്തി. ഇക്കുറി പതിനൊന്നു പൊയ്ക്കുതിരകൾ മച്ചാട് മാമാങ്കത്തിന്റെ പങ്കാളികളായി.
ഓരോ കുതിരകളും ക്ഷേത്രത്തിൽ എത്തി സ്ഥാനം പിടിച്ചതോടെ വൈകീട്ട് കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം അരങ്ങേറി. കോളനികളിൽ നിന്നും നാടൻ കലാരൂപങ്ങളായ പൂതൻ, തിറ, ആണ്ടി മുതലായ കലാരൂപങ്ങൾ കാവിലെത്തി പ്രദക്ഷിണം വച്ച് പതിവ് ആചാരങ്ങൾ പൂർത്തിയാക്കി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് മാമാങ്കച്ചടങ്ങുകൾ നടന്നത്.