ചാവക്കാട്: എല്ലാവർക്കും വീട് എന്ന ലക്ഷ്യം മുൻനിറുത്തി 20 കോടി രൂപ പാർപ്പിട പദ്ധതിക്ക് വിലയിരുത്തി ചാവക്കാട് നഗരസഭാ ബഡ്ജറ്റ് അവതരിപ്പിച്ചു. 93.83 കോടി രൂപ വരവും, 91.58 കോടി രൂപ ചെലവും 2.24 കോടി നീക്കിയിരിപ്പ് ബാക്കിയും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് നഗരസഭാ വൈസ് ചെയർമാൻ കെ.കെ. മുബാറക്ക് അവതരിപ്പിച്ചത്. ബഡ്ജറ്റ് അവതരണ കൗൺസിൽ യോഗത്തിൽ ചെയർപേഴ്‌സൻ ഷീജ പ്രശാന്ത് അദ്ധ്യക്ഷയായി. പി.എം.എ.വൈ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ പേർക്കും വീട് നിർമ്മിക്കാൻ ധനസഹായം നൽകും. ഭൂരഹിതർക്ക് സ്ഥലം വാങ്ങാൻ രണ്ട് കോടി നീക്കിവെക്കും. നഗരസഭയുടെ ഉടമസ്ഥതയിലുള്ള തിരുവത്ര മുട്ടിലിൽ ഫ്‌ളാറ്റ് നിർമ്മിക്കാൻ ഏഴ് കോടി വകയിരുത്തി. പരപ്പിൽത്താഴത്ത് നഗരസഭ ഏറ്റെടുത്ത ഭൂമിയിൽ സ്‌റ്റേഡിയം നിർമിക്കും. സ്റ്റേഡിയം വികസനത്തിനായി ഒന്നര ഏക്കർ സ്ഥലം കൂടി ഏറ്റെടുക്കും. സ്റ്റേഡിയം നിർമാണത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്കായി രണ്ട് കോടി വകയിരുത്തി. നഗരസഭയിലെ പ്രവാസികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കും. കടലാമ സംരക്ഷണത്തിനായി സ്ഥിരം ഹാച്ചറി സംവിധാനം ഏർപ്പെടുത്തും. കാർഷിക പദ്ധതികൾക്ക് രണ്ട് കോടി, മൃഗസംരക്ഷണത്തിന് രണ്ട് കോടി, പ്രാദേശിക സാമ്പത്തികവികസനത്തിനും ചെറുകിട വ്യവസായത്തിനും മൂന്ന് കോടി, സാമൂഹിക ക്ഷേമ മേഖലയിൽ മൂന്ന് കോടി, ആരോഗ്യശുചിത്വമേഖലകളിൽ അഞ്ച് കോടി, വിദ്യാഭ്യാസമേഖലക്ക് രണ്ട് കോടി, വനിതാക്ഷേമ പദ്ധതികൾക്ക് ഏഴ് കോടി, പട്ടികജാതി ക്ഷേമപദ്ധതികൾക്ക് ഒരു കോടി എന്നിങ്ങനെയാണ് വിവിധ മേഖലകൾക്കായി വകയിരുത്തിയത്. ബഡ്ജറ്റ് ചർച്ച ഇന്ന് നടക്കും.
ബഡ്ജറ്റിലെ മറ്റ് പ്രധാന നിർദേശങ്ങൾ
തീരമേഖലയിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും തീരദേശ വികസന അതോറിറ്റിയുടെയും സഹകരണത്തോടെ 50 ലക്ഷം ചെലവിൽ ടർഫ് കോർട്ട്
പുത്തൻകടപ്പുറത്ത് മിനി ഹാർബർ നിർമാണം സാധ്യതാപഠനത്തിന് അഞ്ച് ലക്ഷം
ബ്ലാങ്ങാട് ബീച്ച് ടൂറിസം വികസനത്തിന് പുതിയ സ്ഥലം ഏറ്റെടുക്കാൻ അഞ്ച് കോടി
യുവാക്കൾക്ക് നൈപുണ്യപരിശീലനത്തിന് 25 ലക്ഷം
കനോലികനാലിന്റെ സംരക്ഷണത്തിനും സൗന്ദര്യവത്ക്കരണത്തിനും ഇരുകരകളിലും മുളങ്കാടുകൾ വെച്ചുപിടിപ്പിക്കാൻ 25 ലക്ഷം
ബ്ലാങ്ങാട് ബീച്ചിൽ ഓപ്പൺ ജിം സ്ഥാപിക്കാൻ 25 ലക്ഷം
തിരുവത്ര ജി.എം.എൽ.പി. സ്‌ക്കൂൾ പുതിയ കെട്ടിടം നിർമാണത്തിന് രണ്ട് കോടി
പുളിച്ചിറക്കെട്ട് നവീകരണപദ്ധതിക്ക് 50 ലക്ഷം
മത്തിക്കായൽ ശുചീകരണത്തിനും നഗരസഭാപരിധിയിലെ കനോലികനാൽ ശുചീകരണത്തിനും രണ്ട് കോടി
പൈപ്പ്‌ലൈൻ എത്താത്ത പ്രദേശങ്ങളിലേക്ക് പുതിയ ലൈൻ വലിച്ച് കുടിവെള്ളമെത്തിക്കാൻ രണ്ട് കോടി
നഗരസഭയുടെ ഖരമാലിന്യസംസ്ക്കരണ കേന്ദ്രത്തിൽ ആധുനികരീതിയിലുള്ള വിൻഡ്രോ കംപോസിംഗ് പദ്ധതിക്കായി 50 ലക്ഷം
ചാവക്കാട് അരിമാർക്കറ്റ് മുതൽ വഞ്ചിക്കടവ് പാർക്ക് വരെ അലങ്കാരവിളക്കുകൾ സ്ഥാപിക്കാൻ 50 ലക്ഷം
കിണർ റീചാർജ് പദ്ധതിക്കായി 1.5 കോടി
പൂക്കുളം നവീകരിച്ച് നീന്തൽകുളമാക്കുന്നതിന് 60 ലക്ഷം