 
ഗുരുവായൂർ: കൊവിഡ് നിയന്ത്രണങ്ങളോടെ ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ഇന്ന് തുടക്കം. രാത്രി കുംഭമാസത്തിലെ പൂയം നക്ഷത്രത്തിൽ ധ്വജസ്തംഭത്തിൽ ക്ഷേത്രം തന്ത്രി സപ്തവർണക്കൊടി കയറ്റുന്നതോടെയാണ് പത്തു ദിവസം നീളുന്ന ക്ഷേത്രോത്സവത്തിന് തുടക്കമാകുക. രാവിലെ ഉത്സവത്തിന്റെ ഭാഗമായുള്ള ആനയില്ലാ ശീവേലിയും ഉച്ചതിരിഞ്ഞ് മൂന്നിന് ആനയോട്ടവും നടക്കും. ആനയോട്ടത്തിന് മൂന്ന് ആനകളെ പങ്കെടുപ്പിക്കാനുള്ള അനുമതി കളക്ടർ നൽകിയിട്ടുണ്ട്. ആനയോട്ടത്തിന് ഒരാനയെ പങ്കെടുപ്പിക്കാനാണ് ജില്ലാ ഭരണകൂടം നേരത്തെ അനുമതി നൽകിയിരുന്നത്. ദേവസ്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് മൂന്ന് ആനകളെ പങ്കെടുപ്പിക്കാൻ ജില്ലാ ഭരണകുടം അനുമതി നൽകിയത്. മാർച്ച് അഞ്ചിന് ആറാട്ടോടെയാണ് ഉത്സവത്തിന് സ മാപനമാവുക.
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന പ്രസിദ്ധമായ ആനയോട്ടത്തിൽ ഓടുന്നതിനുള്ള ആനകളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ദേവദാസ്, ഗോപീകണ്ണൻ, ഗോപീകൃഷ്ണൻ എന്നീ ആനകളെ ഓടുന്നതിനും രവികൃഷ്ണ, ചെന്താമരാക്ഷൻ എന്നീ ആനകളെ കരുതലായുമാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഇന്നലെ രാവിലെ കിഴക്കെനടയിൽ വലിയ ദീപസ്തംഭത്തിന് സമീപത്തായിരുന്നു നറുക്കെടുപ്പ്. ആനയോട്ടത്തിൽ മൂന്ന് ആനകളെ മാത്രം പങ്കെടുപ്പിക്കാനാണ് ജില്ലാഭരണകൂടം അനുമതി നൽകിയിട്ടുള്ളത്. മുൻ വർഷങ്ങളിൽ അഞ്ച് ആനകളെയാണ് ഓടിക്കുക പതിവ്. കൊവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ ഉള്ളതിനാലാണ് ആനകളുടെ എണ്ണം മൂന്നായി ചുരുക്കിയത്. ഇന്ന് ഉച്ചതിരിഞ്ഞ് ക്ഷേത്രത്തിൽ നാഴിക മണി മൂന്ന് അടിക്കുമ്പോഴാണ് മഞ്ജുളാൽ പരിസരത്തു നിന്നും ആനയോട്ടം ആരംഭിക്കുക.