
തൃശൂർ: കൊവിഡ് കേസുകൾ ജില്ലയിൽ കൂടുമ്പോഴും പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല. കഴിഞ്ഞ ദിവസം ജില്ലയിൽ 500 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാത്രമാണ് അത് 400 ൽ താഴെയെത്തിയത്. സൂപ്പർ മാർക്കറ്റുകൾ, പലചരക്ക്, പച്ചക്കറി വിൽപ്പന, മത്സ്യമാംസ വിൽപ്പന കേന്ദ്രങ്ങൾ എന്നു വേണ്ട പൊതുജനം ഇടപെടുന്ന ഇടങ്ങളിലൊന്നും ഇപ്പോൾ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല. വിവാഹം, മറ്റ് ആഘോഷച്ചടങ്ങുകൾ എന്നിവിടങ്ങളിലെല്ലാം ആളുകൾ കൂട്ടം കൂടുന്നു.
വിവാഹ ആഘോഷച്ചടങ്ങുകളിൽ പങ്കെടുക്കേണ്ട ആളുകളുടെ എണ്ണം നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആരും അത് പാലിക്കുന്നില്ല. കോർപറേഷന്റെ ജനസേവന കേന്ദ്രത്തിൽ കൂട്ടം കൂടി നിൽക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഡി.എൽ.ഒ ലൈസൻസ് ഫീസ് 28 ന് മുമ്പ് അടയ്ക്കണമെന്ന നിർദ്ദേശമുള്ളതിനാൽ അതുമായി ബന്ധപ്പെട്ടാണ് തിരക്ക് അനുഭവപ്പെട്ടതെന്ന് മേയർ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കൂടുതൽ കൊവിഡ് ലംഘനം ഉണ്ടായത്. പാർട്ടികളുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് സാമൂഹിക വ്യാപന സാദ്ധ്യതയ്ക്ക് ആക്കം കൂടിയത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചരണ ജാഥകളും പരിപാടികളും കൊഴുക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ അവശേഷിക്കേ ഉദ്ഘാടന മാമാങ്കങ്ങളുമായി സർക്കാരും സജീവമാണ്. ഉദ്ഘാടന പരിപാടികളിൽ യാതൊരു സാമൂഹിക അകലവുമില്ലാതെയാണ് ആളുകൾ കൂട്ടം കൂടുന്നത്. ഭൂരിഭാഗം ആളുകളും കൃത്യമായി മാസ്‌ക്ക് ധരിക്കുക പോലും ചെയ്യാറില്ല. ഇവർക്കെതിരെ കൃത്യമായ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നുമില്ല.
പൊടി പോലുമില്ല സാനിറ്റൈസർ
വ്യാപാര സ്ഥാപനങ്ങളിലുൾപ്പെടെ കൈകൾ സോപ്പിട്ട് കഴുകാനുള്ള സംവിധാനമൊരുക്കാനും സാനിറ്റൈസ് ചെയ്യാനുള്ള സംവിധാനവും വേണമെന്ന നിബന്ധന നിലനിൽക്കെ അതെല്ലാം വെറും പ്രഖ്യാപനങ്ങളിൽ മാത്രമായി. കൈകൾ കഴുകാനുള്ള സംവിധാനങ്ങളൊന്നും എവിടെയും ഇല്ല താനും. സാനിറ്റൈസർ മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സാനിറ്റൈസർ എങ്ങുമില്ല. ബസുകളിൽ യാത്രക്കാർക്ക് സാനിറ്റൈസർ നൽകണമെന്ന് നിർദ്ദേശമുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല. ബസുകളിൽ ആളുകൾക്ക് സീറ്റിലിരുന്ന് മാത്രമേ യാത്ര ചെയ്യാവൂവെന്ന നിബന്ധന നിലനിൽക്കെ ആളുകളെ കുത്തിനിറച്ച് യാത്രയും പതിവായി. രാത്രി യാത്രകൾക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല. ബാങ്കുകൾ പോലുള്ള അപൂർവ ഇടങ്ങളിൽ മാത്രമാണ് കൃത്യമായ സാമൂഹിക അകലം പാലിക്കപ്പെടുന്നത്.
ഈ മാസം അഞ്ഞൂറിന് മുകളിൽ കേസുകൾ
ഫെബ്രുവരി 1 559
ഫെബ്രുവരി 3 523
ഫെബ്രുവരി 9 509
ഫെബ്രുവരി 20 503
കോർപറേഷന്റെ ജനസേവന കേന്ദ്രത്തിൽ ആളുകൾ കൂട്ടംകൂടിയ സംഭവം ശ്രദ്ധയിൽപെട്ടു. ഇനി അത് ആവർത്തിക്കാതിരിക്കാൻ നിർദ്ദേശം നൽകി. കൊവിഡ് കേസുകൾ ഏറിവരുന്ന സാഹചര്യത്തിൽ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ തുടങ്ങി പൊതുഇടങ്ങളിലെല്ലാം സാമൂഹിക അകലം ഉറപ്പാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കും.
എം.കെ വർഗീസ്
തൃശൂർ മേയർ
പ്രവാസികളുടെ കൊവിഡ് പരിശോധന
സൗജന്യമാക്കണമെന്ന് എം.പി
തൃശൂർ: വിദേശ രാജ്യങ്ങളിൽ നിന്ന് നാട്ടിലെത്തുന്ന യാത്രക്കാർക്ക് എയർപോർട്ടുകളിൽ നിർബന്ധിത ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം പിൻവലിക്കുകയോ പരിശോധന സൗജന്യമാക്കുകയോ വേണമെന്ന് രമ്യ ഹരിദാസ് എം. പി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് ആർ. ടി.പി.സി.ആർ ടെസ്റ്റ് നടത്തണമെന്ന കേന്ദ്ര നിർദ്ദേശം നിലനിൽക്കെയാണ് പ്രവാസികൾക്ക് അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്ന പുതിയ നിർദ്ദേശമെന്നും കുടുംബസമേതം നാട്ടിൽ എത്തുന്ന പ്രവാസികൾക്ക് ഈ പുതിയ ഉത്തരവ് മൂലം ഏറെ സാമ്പത്തിക ചെലവ് വരുന്നുണ്ടെന്നും എം.പി. പറഞ്ഞു.