kandal-

തൃശൂർ: ചേറ്റുവ പെരിങ്ങാട് കണ്ടൽ റിസർവ് വനമായി പ്രഖ്യാപിച്ചതോടെ, ഈ മേഖലയിൽ സംസ്ഥാനത്തെ തന്നെ വിനോദസഞ്ചാര കേന്ദ്രത്തിന് വഴിയൊരുങ്ങുന്നു. സാധാരണ റിസർവ് വനമായിട്ടല്ല, കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റ് റിസർവ് പദ്ധതി പോലെ പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ടൂറിസം വികസനത്തിനും ഊന്നൽ നൽകിയുള്ള പദ്ധതിയാണിത്.

പ്രാദേശികമായി തൊഴിലും അനുബന്ധ ജീവിത സൗകര്യങ്ങളും ഉറപ്പുവരുത്തുന്ന മാസ്റ്റർ പ്‌ളാനാണ് ചേറ്റുവയിലും രൂപം കൊള്ളുന്നത്.

തദ്ദേശീയരുടെ സാന്നിദ്ധ്യം ഉറപ്പാക്കി ഒരു സമിതിക്ക് രൂപം നൽകി, കണ്ടൽക്കാടിനുള്ളിലൂടെ വഞ്ചിയാത്ര നടത്താനുമുള്ള സൗകര്യങ്ങൾ അടക്കം ഒരുക്കാൻ ലക്ഷ്യമുണ്ട്. പത്തുവർഷത്തേയ്ക്ക് വിശാലമായ രൂപരേഖ ഉണ്ടാക്കി ഫണ്ട് കേന്ദ്ര, സംസ്ഥാന വനം, ടൂറിസം തുടങ്ങിയ വകുപ്പുകളിൽ നിന്നും സംസ്ഥാന വനവികസന ഏജൻസിയിൽ നിന്നുമെല്ലാം ഫണ്ട് ആവശ്യപ്പെടാനും കഴിയും. നിരന്തര കൈയേറ്റ ശ്രമങ്ങൾക്ക് വിധേയമാകുന്ന പ്രദേശത്തെ കണ്ടൽ ആവാസവ്യവസ്ഥയുടെ പരിരക്ഷണത്തിനും നശിപ്പിക്കപ്പെട്ട ഭാഗങ്ങളിൽ കണ്ടലുകൾ നട്ടുപിടിപ്പിക്കുന്നതിനും തദ്ദേശീയ ജനങ്ങളെ പങ്കെടുപ്പിക്കും. പാവറട്ടി പഞ്ചായത്ത് പരിധിയിൽ ഈ റവന്യൂഭൂമി കണ്ടൽക്കാടുകൾ നിറഞ്ഞതും പാരിസ്ഥിതികമായും ജൈവവൈവിദ്ധ്യപരമായും സവിശേഷ പ്രാധാന്യം അർഹിക്കുന്നതാണെന്നും വനംവകുപ്പ് കണ്ടെത്തിയിരുന്നു. അപൂർവ ഇനങ്ങളിൽപെട്ട പക്ഷിവർഗങ്ങളുടേയും ഉഭയജീവികളുടേയും മറ്റു ജലജീവികളുടേയും സാന്നിദ്ധ്യത്താൽ സമ്പന്നമാണിവിടെ. അതീവ സംരക്ഷണപ്രാധാന്യം അർഹിക്കുന്ന ഇടമാണിത്. ദേശാടനപക്ഷികൾ ഉൾപ്പെടെ വൈവിദ്ധ്യങ്ങളായ നൂറിലേറെ പക്ഷികളെ പെരിങ്ങാട് പുഴയോടും രൂപപ്പെടുത്തിയ കണ്ടൽക്കാടുകളിലുമുണ്ട്. ചാവക്കാട് ചേറ്റുവ കടലോര മേഖലകളുമായി അടുത്തുള്ള പെരിങ്ങാട് പുഴയും തണ്ണീർത്തടവും ഈ പ്രദേശങ്ങളിലെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിറുത്തുന്നതിൽ പ്രാധാന്യം അർഹിക്കുന്നുണ്ട്.

കണ്ടൽപ്പെരുമ

ചേറ്റുവ പെരിങ്ങാട് കണ്ടൽ വിസ്തൃതി: 234.18 ഏക്കർ (94.77 ഹെക്ടർ)

കണ്ടൽ റിസർവായി പ്രഖ്യാപിച്ചത്: 1961 ലെ കേരള വനനിയമത്തിന്റെ അടിസ്ഥാനത്തിൽ

കായലിലും കടലിലും വേലിയേറ്റ, വേലിയിറക്ക പ്രദേശത്തും കായലും കടലും ചേരുന്ന നദീമുഖത്തും വളരുന്ന പ്രത്യേക സവിശേഷതകളുള്ള കാടുകളാണ് കണ്ടൽവനങ്ങൾ. ഉപ്പു കലർന്ന വെള്ളത്തിൽ വളരുന്ന ഇവ നിത്യഹരിത സ്വഭാവമുള്ളവയാണ്. വിവിധതരം മത്സ്യങ്ങൾക്കും ജലജീവികൾക്കും ആവാസവ്യവസ്ഥയാണ് കണ്ടൽക്കാടുകൾ. ഇവിടെ പ്രത്യുല്പാദനം നടത്തുന്ന ഒട്ടനവധി മത്സ്യങ്ങളും ഉഭയജീവികളും മറ്റു ജലജീവികളും, അവയെ ഭക്ഷിക്കുന്ന തണ്ണീർത്തട പക്ഷികളും ഉരഗങ്ങളും സസ്തനികളും കണ്ടൽ ആവാസവ്യവസ്ഥയെ തനതാക്കി മാറ്റുന്നു. തീരദേശത്തെ മണ്ണ് സംരക്ഷണത്തിനും കണ്ടലുകൾ നൽകുന്ന സംഭാവന മൂല്യവത്താണ്.

തദ്ദേശവാസികൾക്ക് കൂടുതൽ ഉപജീവനമാർഗം സൃഷ്ടിക്കാനും സന്ദർശകരിൽ പരിസ്ഥിതി വിജ്ഞാനം വളർത്താനും കണ്ടൽക്കാട് സംരക്ഷിക്കാനും ഈ ഇക്കോ ടൂറിസം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

പി.എം പ്രഭു
എ.സി.എഫ്
സോഷ്യൽ ഫോറസ്ട്രി, തൃശൂർ