തൃശൂർ: കോർപറേഷനിലെ ഉദ്യോഗസ്ഥർക്കും മറ്റും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടും കോർപറേഷൻ എൽ.ഡി.എഫ് ഭരണസമിതി വേണ്ടത്ര രീതിയിൽ ജാഗ്രത പുലർത്തുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ. കോർപറേഷൻ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയിൻ ഓഫീസിലടക്കം ഉദ്യോഗസ്ഥർക്കും മറ്റും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത് കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ കെടുകാര്യസ്ഥതയാണ് വെളിവാക്കുന്നത്. നഗരത്തിൽ കൊതുക് ശല്യം രൂക്ഷമായിട്ടും ഡിവിഷൻ തലത്തിൽ അത് പ്രതിരോധിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ല. ഓരോ ഡിവിഷനും ഈ സാമ്പത്തികവർഷത്തിൽ പദ്ധതി വിഹിതവും ഓൺ ഫണ്ട് വിഹിതവും കൂട്ടി 80 ലക്ഷം രൂപയുടെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് തുക അനുവദിക്കണമെന്നും കഴിഞ്ഞ സാമ്പത്തികവർഷം തുക അനുവദിക്കാത്ത ഡിവിഷനുകൾക്ക് പ്രത്യേക അധിക തുക അനുവദിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയേൽ, ജയപ്രകാശ് പൂവ്വത്തിങ്കൽ, മുകേഷ് കുളപറമ്പിൽ എന്നിവർ സംസാരിച്ചു.