
മാള: സൈക്കിളിൽ ഉണ്ണിക്കൃഷ്ണൻ എന്നും പണിക്ക് പോകുന്നത് അരിക്കാശിന് മാത്രമല്ല, കുടുംബത്തിന് വെള്ളമെത്തിക്കാനും കൂടിയാണ്. സന്ധ്യയാകുമ്പോൾ പണി കഴിഞ്ഞ് ഈ ഗൃഹനാഥൻ സൈക്കിളിന്റെ പിന്നിൽ കെട്ടിവെച്ച പാത്രത്തിൽ വെള്ളവുമായി വീട്ടിലെത്തും. ഈ കുടിവെള്ളം കാത്ത് ഭാര്യയും മകളും ഉമ്മറത്ത് തന്നെയുണ്ടാകും.
വേനൽക്കാലമായാൽ കൊടുങ്ങല്ലൂർ നാരായണമംഗലം ചാലിക്കാരൻ ഉണ്ണിക്കൃഷ്ണന്റെ മാത്രമല്ല അയൽവാസികളുടെ കാര്യവും ഇവ്വിധമാണ്. ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലത്താണ് താമസം. ജല അതോറിറ്റിയുടെ പൈപ്പിലൂടെ വരുന്ന വെള്ളം മാത്രമാണ് ആശ്രയം. എന്നാൽ വേനൽക്കാലത്ത് ഈ കുടുംബങ്ങൾക്ക് വെള്ളം കിട്ടുന്നത് മാസത്തിൽ ഒരിക്കലാകും.
വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ബേക്കറിയിൽ ജോലിക്ക് പോകുന്ന 51 കാരനായ ഉണ്ണിക്കൃഷ്ണൻ രാത്രി വീട്ടിലേക്ക് സൈക്കിളിന്റെ പിന്നിൽ നിധി പോലെ സൂക്ഷിച്ച് വെള്ളമെത്തിക്കുന്ന ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിലും വന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉണ്ണിക്കൃഷ്ണൻ അടക്കമുള്ളവരുടെ ദുരവസ്ഥ തിരിച്ചറിഞ്ഞത്. 25 ലിറ്ററോളം വെള്ളമാണ് ജോലി കഴിഞ്ഞ് ബേക്കറിയിൽ നിന്ന് ഒപ്പം കൊണ്ടുവരുന്നത്. പലപ്പോഴും ഭക്ഷണ സാധനം മുന്നിലും വെള്ളം പിന്നിലുമായി സൈക്കിളിൽ പോകുന്നത് കാണുമ്പോൾ പലരും ഇയാളെ കച്ചവടക്കാരനായി തെറ്റിദ്ധരിക്കാറുമുണ്ട്. വൃക്കയിൽ കല്ലുള്ള ഇയാൾ മൂന്ന് വർഷമായി ചികിത്സയിലുമാണ്. അരി വാങ്ങാനുള്ള പണത്തിനുള്ള പണി മാത്രമേ കടയിൽ നിന്നുള്ളൂ. പക്ഷെ ഇപ്പോൾ ആശ്വാസം പണി കഴിഞ്ഞ് പോകുമ്പോൾ വീട്ടുകാരുടെ ദാഹം കൂടി ഇല്ലാതാക്കാനാകുമെന്നതാണ്.
ഇപ്പോൾ വീട്ടിലേക്ക് പൈപ്പ് വെള്ളം വന്നിട്ട് നാല് ആഴ്ച കഴിഞ്ഞു. കോളനി പ്രദേശമായ ഇവിടേക്ക് അവസാനമാണ് വെള്ളമെത്തുക. ജല അതോറിറ്റി ആഴ്ചയിൽ ഒരിക്കൽ വെള്ളം വിടുന്നുണ്ടെന്ന് പറയുമ്പോഴും ഇവിടെ കിട്ടാറില്ല. കുടിവെള്ളത്തിനായി ഇനി ആരോട് പരാതിപ്പെടണമെന്ന് ഒരു നിശ്ചയവുമില്ല.
ഉണ്ണിക്കൃഷ്ണൻ