photo
ചിറാൽപ്പാടം നെല്ലുൽപ്പാദക സമൂഹത്തിന്റെ കർഷകർ പാടശേഖരത്തിൽ കൊയ്ത്തടുത്തപ്പോൾ

മാള: തടസം നീങ്ങിയതോടെ ചിറാൽപ്പാടം നെല്ലുൽപ്പാദക സമൂഹത്തിന് ഇനി നൂറുമേനി വിളവെടുക്കാം. തോടിന് കുറുകെയിട്ടിരുന്ന ജല അതോറിറ്റിയുടെ പൈപ്പ് നീരൊഴുക്ക് തടസപ്പെടുത്തിയിരുന്നതിനാൽ പാടശേഖരം വെള്ളക്കെട്ടിലായിരുന്നു. വെള്ളക്കെട്ടിൽ മുങ്ങി നിരവധി തവണ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. മാള പഞ്ചായത്തിലെ നാലും കാടുകുറ്റി പഞ്ചായത്തിലെ മൂന്നും വാർഡുകളാണ് ഈ മേഖലയിൽ ഉൾപ്പെടുന്നത്.

പൈപ്പ് നീക്കം ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കി കൃഷിയിറക്കാനും വിളവെടുക്കാനും സാഹചര്യം ഒരുക്കണമെന്ന് നെല്ലുൽപ്പാദക സമൂഹം നിരന്തര ആവശ്യം ഉന്നയിച്ചിരുന്നു. 2002 മുതൽ സെക്രട്ടേറിയറ്റ്,​ കൃഷിഭവൻ,​ ജല അതോറിറ്റി ഓഫീസ് എന്നിവിടങ്ങളിലായി നെല്ലുൽപാദക സമൂഹം ചെയർമാൻ കെ.ടി ദേവസിക്കുട്ടിയുടെ നേതൃത്വത്തിൽ 320 ഓളം കർഷകർ നടത്തിയ നിശബ്ദ പോരാട്ടത്തിന്റെ ഫലമായാണ് പൈപ്പുകൾ മാറ്റി സ്ഥാപിച്ചത്. ഇതോടെ 280 ഏക്കർ പാടശേഖരത്തിലെ കൃഷിയിറക്കാനുള്ള പ്രതിസന്ധിയാണ് ഒഴിവായത്. ഇതിനായി 5.5 ലക്ഷം രൂപ ചെലവഴിച്ചു. മൂഞ്ഞേലി സ്വദേശി ജോണി എന്ന കർഷകൻ മാത്രം ഈ പാടശേഖരത്തിലെ 110 ഏക്കറിൽ കൃഷിയിറക്കിയിട്ടുണ്ട്.