കൊടുങ്ങല്ലൂർ: സർക്കാരിന്റെ സമ്പൂർണ ഭവന പദ്ധതിയായ ലൈഫ് മിഷനിൽ നൽകിയ വീടുകൾക്കെല്ലാം ഇൻഷ്വറൻസ് നടപ്പിലാക്കിയതിന്റെ ഉദ്ഘാടനം ധനമന്ത്രി ഡോ. തോമസ് ഐസക് നിർവഹിച്ചു. നഗരസഭ നൽകിയ 1,​253 വീടുകൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ആദ്യത്തെ മൂന്നു വർഷത്തെ പ്രീമിയം തുക സർക്കാർ അടയ്ക്കും. തുടർന്ന് വരുന്ന വർഷങ്ങളിലേയ്ക്ക് ഗുണഭോക്താക്കൾക്ക് പ്രീമിയം നൽകാവുന്നതാണ്. നാല് ലക്ഷം രൂപയാണ് നഷ്ടപരിഹാര തുകയായി ഗുണഭോക്താക്കൾക്ക് ലഭിക്കുന്നത്. അഗ്‌നിബാധ, ഇടിമിന്നൽ, സ്ഫോടനം, ഭൂമികുലുക്കം, പ്രളയം തുടങ്ങിയ എല്ലാ ദുരന്തം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇൻഷ്വറൻസ് ലഭിക്കും. നഗരസഭയിൽ നടന്ന ചടങ്ങിൽ വി.ആർ സുനിൽകുമാർ എം.എൽ.എ പോളിസി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ എം.യു ഷിനിജ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ കെ.ആർ ജൈത്രൻ, ലത ഉണ്ണിക്കൃഷ്ണൻ, കെ.എസ് കൈസാബ്, എൽസി പോൾ, ഒ.എൻ ജയദേവൻ, നഗരസഭ സെക്രട്ടറി എസ്. സനൽ എന്നിവർ പ്രസംഗിച്ചു.