കൊടുങ്ങല്ലൂർ: കൊവിഡ് പ്രതിസന്ധിക്കിടയിലും കുതിച്ചുയരുന്ന ഇന്ധന വിലയിൽ സ്വകാര്യ ബസ് വ്യവസായം തളരുന്നു. കൊവിഡിനു മുമ്പ് കൊടുങ്ങല്ലൂരിൽ നിന്നും വിവിധയിടങ്ങളിലേക്ക് സർവീസ് നടത്തിയിരുന്നത് 300 ബസുകളായിരുന്നു. കൊവിഡാനന്തരം അത് 140 ആയി ചുരുങ്ങി. നഷ്ടം സഹിക്കാൻ കഴിയാതെ ഇതിനിടയിൽ പല സർവീസുകളും നിറുത്തിവച്ചിരിക്കുകയാണ്.
ഇന്ധന ചെലവ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജി ഫോം നൽകി ഓടാതെ കിടക്കുന്ന സർവീസുകൾ ഇനി നിരത്തിലിറങ്ങുമോ എന്ന് കണ്ടറിയണം. നിലവിൽ ഒരു ദിവസം മുഴുവൻ സർവീസ് നടത്തിയാൽ കിട്ടുന്നത് 9,000 രൂപയാണ്. എന്നാൽ 7,000 രൂപയോളം ഇന്ധനം നിറയ്ക്കാൻ വേണ്ടി വരും. മിച്ചം വരുന്ന തുകയിൽ നിന്ന് തൊഴിലാളികൾക്ക് ശമ്പളം പോലും നൽകാൻ കഴിയാത്ത അവസ്ഥയാണ്. നേരത്തെ നൽകിയിരുന്ന കൂലിയുടെ പകുതിയാണ് ഉടമകൾ ജീവനക്കാർക്ക് ഇപ്പോൾ കൊടുക്കുന്നത്. പല ജീവനക്കാരും പണിയില്ലാതെയും ശമ്പളക്കുറവു മൂലവും മറ്റ് ജോലികൾ തേടി പോയി.
പൊതു ജനങ്ങൾ കൂടുതലായും സ്വന്തം വാഹനങ്ങളെ ആശ്രയിക്കുന്നതാണ് ബസുകളിൽ ആളുകളുടെ എണ്ണത്തിൽ കുറവ് വരാൻ കാരണമെന്ന് ജീവനക്കാർ പറയുന്നു. യാത്രക്കാർ രാവിലെയും വൈകിട്ടും മാത്രമുള്ളതിനാൽ ഇടസമയങ്ങളിലുള്ള പല ട്രിപ്പുകളും റദ്ദാക്കുന്നുണ്ട്. നികുതിയിൽ ഇളവു വരുത്തിയെങ്കിലും നഷ്ടങ്ങളുടെ കണക്കുകൾ മാത്രമെയുള്ളുവെന്നാണ് ബസുടമകൾ പറയുന്നത്. സ്‌പെയർ പാർട്‌സുകൾക്ക് വില ക്രമാതീതമായി ഉയരുന്നതിനാൽ മെയിന്റനൻസിന് വലിയൊരു തുക നീക്കിവയ്ക്കേണ്ടി വരും. ആവശ്യത്തിന് വരുമാനം കിട്ടാത്ത സാഹചര്യമാകുമ്പോൾ ടാക്‌സ്, ഇൻഷ്വറൻസ് എന്നിവയ്ക്ക് ലോൺ എടുക്കേണ്ട അവസ്ഥയാണ്.
കാര്യമായ വരുമാനം ലഭിക്കാത്തതിനാൽ ആരും ബസുകൾ വാങ്ങാൻ തയ്യാറാകാത്ത സ്ഥിതിയാണ്. തുച്ഛമായ തുകയ്ക്കാണ് പലരും സമീപിക്കുന്നത്.
- രാജൻ കോയിൽപറമ്പിൽ (ബസ് ഉടമ)