
തൃശൂർ: 'നവകേരള സൃഷ്ടിക്കായി, വീണ്ടും എൽ.ഡി.എഫ്' എന്ന മുദ്രാവാക്യമുയർത്തി സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ നയിക്കുന്ന വികസന മുന്നേറ്റജാഥ ഇന്ന് ജില്ലയിൽ പ്രവേശിക്കും. നാളെ വൈകിട്ട് ആറിന് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സമാപിക്കും. സമാപന സമ്മേളനം സി.പി.എം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുമെന്ന് എൽ.ഡി.എഫ് നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും. വടക്കൻ മേഖലാ ജാഥയിൽ കെ.പി രാജേന്ദ്രൻ, പി. സതീദേവി, പി.ടി ജോസ്, കെ. ലോഹ്യ, പി.കെ രാജൻ, ബാബു ഗോപിനാഥ്, കെ.പി മോഹനൻ, ജോസ് ചെമ്പേരി, കാസിം ഇരിക്കൂർ, ബിനോയ് ജോസഫ്, എ. ജെ ജോസഫ് എന്നിവരാണ് അംഗങ്ങൾ. ജില്ലാ അതിർത്തിയായ പ്ലാഴിയിൽ ഇന്ന് രാവിലെ 9 ന് എൽ.ഡി.എഫ് നേതാക്കൾ ജാഥയെ സ്വീകരിക്കും. 10 കേന്ദ്രങ്ങളിലാണ് സ്വീകരണം. ഒല്ലൂർ, തൃശൂർ, മണലൂർ നിയോജക മണ്ഡലങ്ങളിലുള്ളവരാണ് തേക്കിൻകാട്ടിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ പങ്കെടുക്കുകയെന്ന് ജില്ലാ കൺവീനർ എം.എം വർഗീസ് പറഞ്ഞു. കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും സ്വീകരണം. 13ന് മഞ്ചേശ്വരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കെ.കെ വത്സരാജ്, പി.ടി അഷ്റഫ്, ബേബി നെല്ലിക്കാട്, പ്രിൻസ് ജോർജ്, സി.ആർ വത്സൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
സ്വീകരണ കേന്ദ്രങ്ങൾ
ഇന്ന് രാവിലെ 10.00 : ചേലക്കര ബസ് സ്റ്റാൻഡ്, 11.00: വടക്കാഞ്ചേരി ഓട്ടുപാറ ബസ് സ്റ്റാൻഡ് 4.00: കുന്നംകുളം ചെറുവത്തൂർ മൈതാനം, 5.00: ചാവക്കാട് ടൗൺ, 6.00: വലപ്പാട് ചന്തപ്പടി.
നാളെ രാവിലെ : 10.00: മാള ടൗൺ 11.00: ചാലക്കുടി സൗത്ത് , 4.00: ഇരിങ്ങാലക്കുട പൂതംകുളം മൈതാനം, 5.00: പുതുക്കാട് സെന്റർ, 6.00: തേക്കിൻക്കാട് മൈതാനം (സമാപന സമ്മേളനം)