
ജേതാവാകുന്നത് ഇത് രണ്ടാം തവണ
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ആരംഭം കുറിച്ച് നടന്ന ആനയോട്ടത്തിൽ ഗോപീകൃഷ്ണൻ ജേതാവായി. എട്ട് തവണ ജേതാവായ ഗോപികണ്ണനെ രണ്ടാം സ്ഥാനത്തേക്ക് പിൻതള്ളിയാണ് ഗോപീകൃഷ്ണൻ ഒന്നാമതെത്തിയത്. ആദ്യം മുന്നിൽ നിന്ന ഗോപീകണ്ണനെ സത്രം ഒന്നാം ഗേറ്റിന് സമീപമെത്തിയതോടെ ഗോപീകൃഷ്ണൻ മറികടന്ന് ഒന്നാമതെത്തി. ഗോപീകണ്ണൻ രണ്ടാമതായും ദേവദാസ് മൂന്നാമനായും ക്ഷേത്ര ഗോപുരകവാടത്തിലെത്തി. ആദ്യം എത്തിയ ഗോപീകൃഷ്ണൻ ക്ഷേത്രം ഏഴ് തവണ വലംവച്ച് ഗുരുവായൂരപ്പനെ വണങ്ങി. ഇനി പത്ത് നാൾ ക്ഷേത്രത്തിനകത്ത് പ്രത്യേക പരിചരണം ലഭിക്കും. ഒമ്പതാം ഉത്സവദിനമായ പള്ളിവേട്ട ദിനത്തിൽ വൈകിട്ട് നഗരപ്രദിക്ഷണത്തിനായി ഗുരുവായൂരപ്പൻ ക്ഷേത്രമതിലകം വിട്ട് പുറത്തേക്കിറങ്ങുമ്പോൾ മാത്രമെ പുറത്തിറക്കൂ. ഇത് രണ്ടാം തവണയാണ് ഗോപീകൃഷ്ണൻ ആനയോട്ടത്തിൽ ജേതാവാകുന്നത്. 1990ലാണ് ഗോപീകൃഷ്ണൻ ആദ്യം ജേതാവായത്. രേഖകൾ പ്രകാരം 53 വയസുണ്ട് ഗോപീകൃഷ്ണന്.