mmmm
അരിമ്പൂർ പഞ്ചായത്തിലെ നീർച്ചാലുകൾ വീണ്ടെടുക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതി ഒമ്പതാം വാർഡിലെ അമ്പലച്ചാലിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

അരിമ്പൂർ: അരിമ്പൂർ പഞ്ചായത്തിലെ മുഴുവൻ നീർച്ചാലുകളും വീണ്ടെടുക്കുന്നതിന് ഭരണസമിതിയുടെ നേതൃത്വത്തിൽ ഇടപെടൽ തുടങ്ങി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഹരിത കേരള മിഷനും സംയോജിച്ചാണ് നീർച്ചാലുകൾ വീണ്ടെടുക്കുന്നത്. ഒമ്പതാം വാർഡിലെ അമ്പലച്ചാലിലെ നീരൊഴുക്ക് വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ബുധനാഴ്ച തുടക്കമായി. 350 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള ചാൽ നിലവിൽ ചളി മൂടിയും ചോറ പുല്ലുകളും പാഴ്‌ചെടികളും വളർന്ന് ഒഴുക്ക് നിലച്ച് കിടക്കുകയാണ്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈ.പ്രസിഡന്റ് ഷിമി ഗോപി അദ്ധ്യക്ഷയായി. ഹരിത കേരളം റിസോഴ്‌സ് പേഴ്‌സൺ ചെറിയാൻ പദ്ധതി വിശദീകരിച്ചു. ജനപ്രതിനിധികളായ സിജി സജീഷ്, ഹരിദാസ് ബാബു, സലിജ സന്തോഷ്, നീതു ഷിജു, നോഡൽ ഓഫീസർ കൂടിയായ അസി.സെക്രട്ടറി വി.ആർ. ഗീത, വാർഡ് അംഗം കെ. രാഗേഷ്, സെക്രട്ടറി ടി. സത്യൻ തുടങ്ങിയവർ സംസാരിച്ചു. ഇതിനും പഞ്ചായത്തിലെ വിവിധ കോൾപ്രദേശങ്ങളിൽ നിന്നുള്ള ഉൾച്ചാലുകളും, ഇടച്ചാലുകളും ഉൾപ്പടെ 21 കിലോമീറ്റർ ദൂരത്തിലുള്ള ചാലുകളിലെ ഒഴുക്ക് വീണ്ടെടുത്ത് കഴിഞ്ഞു. 14280 തൊഴിൽ ദിനങ്ങൾ ഉപയോഗപ്പെടുത്തിയാണ് പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്.