election

തൃശൂർ : നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാദ്ധ്യതയുള്ളവരും സ്ഥാനാർത്ഥി മോഹികളും പൊതുവേദികളിൽ സജീവമാകുന്നു. പാർട്ടി നേതൃത്വത്തിന്റെ രഹസ്യ നിർദ്ദേശത്തിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചവർ മണ്ഡലം ചുറ്റൽ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ഉത്സവങ്ങൾ, പാർട്ടി പ്രവർത്തകരുടെ വീടുകളിലെ വിവാഹം, മറ്റ് ആവശ്യങ്ങൾ എന്നിവിടങ്ങളിൽ ഇത്തരം നേതാക്കളുടെ സാന്നിദ്ധ്യം കൂടുകയാണ്.

സ്ഥാനാർത്ഥിത്വം ലഭിക്കാൻ സാദ്ധ്യത ഇല്ലാത്തവർ പോലും പട്ടികയിലിടം നേടാൻ പരക്കം പായുകയാണ്. ജനകീയ വിഷയങ്ങളിലും സമരമുഖങ്ങളിലും ഇവരുടെ സാന്നിദ്ധ്യം സജീവമായി. പ്രവർത്തകരുടെ പിന്തുണ നേടാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക നേതാക്കളെ കൈയിലെടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. മണ്ഡലത്തിലെ പ്രമുഖരെ രഹസ്യമായി സന്ദർശിക്കുന്നവരുമുണ്ട്.

കഴിഞ്ഞ ദിവസം വടക്കാഞ്ചേരി മണ്ഡലത്തിൽ ഏറെ പറഞ്ഞു കേൾക്കുന്ന പേരുകളിൽ ഒന്നായ കെ. രാധാകൃഷ്ണൻ മച്ചാട് മാമാങ്കത്തിനെത്തിയത് രാഷ്ടീയ ചർച്ചകൾക്ക് വഴിയൊരുക്കി. ഇവിടെ കെ. രാധാകൃഷ്ണന് പുറമേ എം.കെ കണ്ണൻ, സേവ്യർ ചിറ്റിലപ്പിള്ളി, മേരി തോമസ് എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. കോൺഗ്രസിൽ ഏറെക്കുറെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച അനിൽ അക്കരയുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു.

തലങ്ങും വിലങ്ങും ഓടി സ്ഥാനാർത്ഥി മോഹികൾ

സ്ഥാനാർത്ഥി പട്ടികയിൽ അവസാന നിമിഷമെങ്കിലും ഇടം നേടാനുള്ള പരക്കം പാച്ചിലും നടക്കുന്നുണ്ട്. പല മണ്ഡലങ്ങളിലും അര ഡസനിലേറെ പേരാണ് പട്ടികയിലുള്ളത്. എൽ.ഡി.എഫിൽ കഴിഞ്ഞ തവണത്തേക്കാൾ വലിയ മാറ്റങ്ങൾക്ക് സാദ്ധ്യത ഇല്ലാത്തതിനാൽ ചരടുവലികൾക്ക് അല്പം കുറവുണ്ട്. കോൺഗ്രസിലും ബി.ജെ.പിയിലും സ്ഥിതി വ്യത്യസ്തമാണ്. എൽ.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ സി.പി.എമ്മിൽ ഇരിങ്ങാലക്കുട, പുതുക്കാട്, ചാലക്കുടി, വടക്കാഞ്ചേരി തുടങ്ങിയ എതാനും മണ്ഡലങ്ങളിൽ മാത്രമാണ് മാറ്റത്തിന് സാദ്ധ്യത.

എന്നാൽ കോൺഗ്രസിൽ വടക്കാഞ്ചേരി ഒഴിച്ച് ബാക്കി 12 മണ്ഡലങ്ങളിലും ആര് വരുമെന്നത് സംബന്ധിച്ച് വ്യക്തത വരണമെങ്കിൽ ഏറെ കാത്തിരിക്കേണ്ടി വരും. കോൺഗ്രസിൽ ഇത്തവണ ഗ്രൂപ്പിന് സ്ഥാനമില്ലെന്ന് പറയുന്നുണ്ടെങ്കിലും ചർച്ചകൾ പുരോഗമിക്കുന്നത് അതിന്റെ അടിസ്ഥാനത്തിലാണ്. ബി.ജെ.പിയിലും അപ്രതീക്ഷിത സ്ഥാനാർത്ഥികളെ കൊണ്ടുവരാനുള്ള നീക്കങ്ങളാണ് പല മണ്ഡലങ്ങളിലും നടക്കുന്നത്.