തൃശൂർ: വികസന സെമിനാറിലെ നിർദ്ദേശങ്ങൾ അംഗീകരിക്കാൻ ഇന്നലെ ചേർന്ന കോർപറേഷൻ കൗൺസിൽ അരമണിക്കൂർ കൊണ്ട് അവസാനിച്ചു. ഡിവിഷനുകളിലേക്ക് 65 ലക്ഷം രൂപയുടെ വികസനപ്രവൃത്തികൾ അനുവദിക്കാൻ ധാരണയായി. തുക 80 ലക്ഷമെങ്കിലുമാക്കി ഉയർത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അതു പിന്നീട് പരിഗണിക്കാമെന്നു തീരുമാനിച്ചു.

ധനമന്ത്രി കോർപറേഷനുള്ള വിഹിതത്തിൽ 30 കോടിയോളം രൂപയുടെ കുറവു വരുത്തിയതു മൂലം മുൻവർഷത്തെ അത്രയും പദ്ധതിത്തുക അനുവദിക്കാനാകാത്ത സാഹചര്യമുണ്ടായെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ പറഞ്ഞു.
അതിനിടെ കോർപറേഷനിലെ ഉദ്യോഗസ്ഥർക്കും മറ്റും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടും ഭരണസമിതി വേണ്ട രീതിയിൽ ജാഗ്രത പുലർത്തുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. മഴയില്ലാത്ത അവസ്ഥയിലും കോർപറേഷൻ ഹെഡ് ഓഫീസിലടക്കം ഉദ്യോഗസ്ഥർക്കും മറ്റും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത് ആരോഗ്യ വിഭാഗത്തിന്റെ കെടുകാര്യസ്ഥതയാണെന്ന് കുറ്റപ്പെടുത്തി. നഗരത്തിൽ കൊതുക് ശല്യം രൂക്ഷമായിട്ടും പ്രതിരോധിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം ഉയർന്നു. മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷനായി.