ചാലക്കുടി: എ. വിജയരാഘവൻ നയിക്കുന്ന എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് വെളളിയാഴ്ച ചാലക്കുടിയിൽ ഉജ്ജ്വല സ്വീകരണം നൽകുമെന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. എ. വിജയരാഘവൻ നയിക്കുന്ന ജാഥയെ 11ന് നഗരസഭാ അതിർത്തിയായ കോട്ടാറ്റ് വച്ച് 300 ബൈക്കുകളുടെ അകമ്പടിയോടെ സ്വീകരിക്കും.

തുടർന്ന് ട്രങ്ക് റോഡ് ജംഗ്ഷനിൽ എത്തുന്ന ജാഥയുടെ ക്യാപ്ടനെ തുറന്ന വാഹനത്തിൽ ടൗൺഹാൾ മൈതാനിയിലേക്ക് ആനയിക്കും. മുത്തുക്കുടകളും ബാൻഡ് മേളങ്ങളും അകമ്പടിയാകും. 11.30ന് നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ, അഡ്വ. പി. സതീദേവി, കെ.പി. മോഹനൻ, പി.കെ. രാജൻ മാസ്റ്റർ തുടങ്ങി സംസ്ഥാന, ജില്ലാ നേതാക്കൾ പ്രസംഗിക്കും.

ബി.ഡി. ദേവസി എം.എൽ.എ, സി.പി.എം ഏരിയാ കമ്മിറ്റി അംഗം പി.എം. ശ്രീധരൻ, സി.പി.എം മണ്ഡലം സെക്രട്ടറി പി.എം. വിജയൻ, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. പി.ഐ. മാത്യു, എൽ.ജെ.ഡി നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ്ജ് വി. ഐനിക്കൽ എന്നിവർ പങ്കെടുത്തു.