parking

ഗുരുവായൂർ : കേന്ദ്ര സർക്കാർ പദ്ധതിയായ പ്രസാദിലൂടെ ഗുരുവായൂർ ദേവസ്വം നിർമ്മിച്ച മൾട്ടിലെവൽ കാർ പാർക്കിംഗ് നാളെ കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ നാടിന് സമർപ്പിക്കും. നാളെ ഉച്ചയ്ക്ക് 12ന് കേന്ദ്ര ടൂറിസം മന്ത്രി ഓൺലൈനിലാണ് ഉദ്ഘാടനം നിർവഹിക്കുക. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനാകും. ആനത്താവളത്തിന് സമീപത്തെ ദേവസ്വത്തിന്റെ വൃദ്ധസദനവും, പടിഞ്ഞാറെ നടയിൽ ദേവസ്വം നിർമ്മിച്ച റസ്റ്റ്ഹൗസും ചടങ്ങിൽ കേന്ദ്രമന്ത്രി ഉദ്ഘാടനം നിർവഹിക്കും. തെക്കേ നടയിൽ ദേവസ്വം പാർക്കിംഗ് സ്ഥലത്ത് നാല് നിലകളിലായി 1.64 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് മൾട്ടിലെവൽ കാർ പാർക്കിംഗ് സമുച്ചയം നിർമിച്ചിട്ടുള്ളത്. 24.26 കോടിയാണ് പദ്ധതിയിൽ അനുവദിച്ചിരുന്നത്. പ്രസാദിൽ അനുവദിച്ചതിന് പുറമെ ചുറ്റുമതിൽ നിർമ്മിക്കാനും ടൈൽ വിരിക്കാനുമായി ദേവസ്വം 2.08 കോടിയും ചെലവഴിച്ചിരുന്നു. ഒമ്പത് ബസുകളും 226 കാറുകളും 338 ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യാം. ബസുകൾ താഴത്തെ നിലയിലാണ് പാർക്ക് ചെയ്യേണ്ടത്. കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും മുകൾനിലയിലേക്ക് ഓടിച്ചു പോകാം. ഇതിനായി റാമ്പ് നിർമിച്ചിട്ടുണ്ട്. രണ്ട് ലിഫ്റ്റും 20 ശുചിമുറികളും ഉണ്ട്. 2018 സെപ്റ്റംബർ 28 ന് കേന്ദ്രമന്ത്രിയായിരുന്ന അൽഫോൺസ് കണ്ണന്താനമാണ് മൾട്ടിലെവൽ കാർ പാർക്കിംഗ് നിർമ്മാണോദ്ഘാടനം നിർവഹിച്ചിരുന്നത്. വടകര ആസ്ഥാനമായ ഊരാളുങ്കൽ ലേബർ കോ ഓപറേറ്റീവ് സൊസൈറ്റിക്കായിരുന്നു നിർമ്മാണച്ചുമതല. രണ്ട് കേന്ദ്രങ്ങളും പൂർത്തിയായാൽ ഗുരുവായൂരിലെ പാർക്കിംഗ് പ്രശ്‌നത്തിന് പരിഹാരമാകും.