choodu

തൃശൂർ: വേനൽക്കാലം രൂക്ഷമായതോടെ അന്തരീക്ഷത്തിൽ ചൂട് കൂടി. വേനൽ മഴ തീരെ ഇല്ലാത്തതും ചൂട് കൂടാൻ കാരണമാക്കി. രാവിലെ സമയങ്ങളിൽ 36 ഡിഗ്രി വരെ ചൂടാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. രാവിലെ 10 മുതൽ 11.30 വരെയുള്ള സമയങ്ങളിലാണ് 36 ഡിഗ്രി ചൂട്. നട്ടുച്ച നേരങ്ങളിൽ അത് 38 ഡിഗ്രിയിൽ വരെയെത്തും.
ഇന്നലെ ടൗണിൽ ഉച്ചയ്ക്ക് 37 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടത്. രാത്രികാലങ്ങളിലും കടുത്ത ചൂടാണ്. മിക്ക ദിവസങ്ങളിലും രാത്രി എട്ടോടെ ഇത് 30 ഡിഗ്രി വരെയാകും. പിന്നീട് 10 മണിയിലെത്തുമ്പോൾ 32 ഡിഗ്രി സെൽഷ്യസ് വരെയെത്തുന്നു. പുലർച്ചെ നാലോടെയാണ് ചൂടിന് കുറവുണ്ടാകുന്നത്. ഇതോടെ നേരിയ തോതിൽ മഞ്ഞും അനുഭവപ്പെടും. സാധാരണ ലഭിക്കാറുള്ള വേനൽ മഴ കുറഞ്ഞതാണ് ചൂട് കൂടാൻ ഇടയാക്കുന്നത്. ഒരാഴ്ച മുമ്പ് ചെറിയ ഒരു വേനൽ മഴ ലഭിച്ചതൊഴിച്ചാൽ കാര്യമായ തോതിൽ വേനൽ മഴ ലഭ്യമായിട്ടില്ല. വേനൽ മഴയുടെ കുറവ് കാർഷിക മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. മഴ തീരെയില്ലാത്തതിന് പുറമെ വീശിയടിക്കുന്ന കാറ്റ് മൂലം വാഴക്കർഷകരുൾപ്പെടെ ദുരിതത്തിലായിരിക്കുകയാണ്.

കിണറുകളിലും വെള്ളം താഴ്ന്നു

ചൂട് കനത്തതോടെ ജലാശയങ്ങൾ വറ്റി വരളുകയും കിണറുകളിൽ വെള്ളം താഴുകയും ചെയ്തു. പലയിടത്തും കുടിവെള്ള ക്ഷാമവും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വേനൽ കനത്തതോടെ കാർഷിക, കുടിവെള്ള ആവശ്യങ്ങൾക്കായി പീച്ചി അണക്കെട്ടിന്റെ ഇടതുകര, വലതുകര കനാലുകളിലൂടെ വെള്ളം തുറന്ന് വിട്ടിട്ടുണ്ട്. പകൽ സമയത്ത് താപനില കൂടുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി രംഗത്തെത്തി. സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം എന്നിവയിൽ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് ശേഷം 3 മണി വരെ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നതാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം. ചൂടിന്റെ ആധിക്യം കൂടിയതോടെ പകൽ സമയങ്ങളിൽ തൊഴിലുറപ്പ് ഉൾപ്പെടെയുള്ള ജോലികൾക്ക് സമയം ക്രമീകരിക്കാനും ദുരന്ത നിവാരണ അതോറിറ്റി ആലോചന തുടങ്ങിയിട്ടുണ്ട്. നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന തരത്തിലുള്ള ജോലികൾക്ക് നിശ്ചിത സമയങ്ങളിൽ നിയന്ത്രണമേർപ്പെടുത്താനാണ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടാനാണ് സാദ്ധ്യത.


ജാഗ്രതാ നിർദ്ദേശങ്ങൾ ഇവ

പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയവർ രാവിലെ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ ശ്രദ്ധിക്കുക.
പരമാവധി ശുദ്ധജലം കുടിക്കുക
മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
പുറത്തേക്ക് ഇറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക.
യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുക.
നഗരങ്ങളിൽ പാർക്കുകൾ, ഉദ്യാനങ്ങൾ പോലെയുള്ള പൊതു ഇടങ്ങൾ പൊതുജനങ്ങൾക്കായി പകൽ സമയങ്ങളിൽ തുറന്ന് കൊടുക്കണം.
മൃഗങ്ങൾക്കും പക്ഷികൾക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കുക.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.