kodiye-tam

ചേലക്കര: പ്രസിദ്ധമായ കാളിയാറോഡ് പള്ളി ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി. കേന്ദ്ര ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.എസ്. മൊയ്തീൻ കുട്ടി പൊതു കൊടിയേറ്റം നിർവഹിച്ചു. ഖത്തീബ് സുലൈമാൻ ദാരിമി ഏലംകുളം പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. 27നാണ് നേർച്ചയാഘോഷം.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ നേരത്തെ മാറ്റി വച്ചിരുന്നു. പള്ളിയിലെ ചടങ്ങുകൾ മാത്രമായി നടത്താനാണ് കേന്ദ്ര ജമാഅത്ത് കമ്മിറ്റിയുടെ തീരുമാനം. കേന്ദ്ര ജമാഅത്ത് കമ്മിറ്റിയിലെ പുലാക്കോട്, പങ്ങാരപ്പിള്ളി, തൃക്കണായ, കാളിയാറോഡ്, എളനാട് കിഴക്കു മുറി എന്നീ നാലു മഹല്ലുകൾ മാത്രമായിരിക്കും നേർച്ച ദിവസം കൊടികയറ്റാനുള്ള അവസരം ഉണ്ടായിരിക്കുകയുള്ളൂ. രാവിലെ പത്തിന് ഖത്തീബ് സുലൈമാൻ ദാരിമി ഏലംകുളത്തിന്റെ നേതൃത്വത്തിൽ ഖത്തം ദുആ നടക്കും. തുടർന്ന് അന്നദാനവും ഉണ്ടായിരിക്കും.

സെക്രട്ടറി വി.എസ്. കാസിം ഹാജി, ട്രഷറർ എം.എം. മുഹമ്മദ് കുട്ടി, വൈസ് പ്രസിഡന്റ് മുഹമ്മദ് ഇബ്രാഹിം, ജോയിന്റ് സെക്രട്ടറി പി.എസ്. അബ്ദുൾ ജബ്ബാർ എന്നിവരും മഹല്ല് സെക്രട്ടറിമാരായ എൻ.എസ്. അബ്ദുൾ റഹിമാൻ ഹാജി, അബ്ദുൾ അസീസ്, രാജേഷ് ഖാൻ, കെ.എം. ഹനീഫ എന്നിവരും പൊതു കൊടിക്കയറ്റച്ചടങ്ങിൽ പങ്കെടുത്തു.