
തൃശൂർ : തൃശൂർ പൊന്നാനി കോൾപ്പാടത്ത് പതിനായിരം ഹെക്ടറിൽ ഇരുപ്പൂ കൃഷിയിറക്കുക എന്ന ലക്ഷ്യം കൈവരിക്കുമെന്നും, അതിനായി നടത്തുന്ന അടിസ്ഥാന സൗകര്യ വികസന പ്രവർത്തനം കാലതാമസമില്ലാതെ പൂർത്തിയാക്കുമെന്നും കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു.
ഇരുപ്പൂ കൃഷി ആരംഭിച്ചതിന്റെ മൂന്നാം വർഷത്തിന്റെ ജില്ലാതല ഉദ്ഘാടനവും 1.5 കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ച സബ്മേഴ്സിബിൾ പമ്പിന്റെയും ട്രാൻസ്ഫോർമറിന്റെയും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. വർഷത്തിലെ പരമാവധി ദിവസവും കോൾപ്പാടത്ത് നിന്ന് വരുമാനം ലഭ്യമാക്കുന്നതിനായി നെൽക്കൃഷിക്ക് പുറമേ പയർക്കൃഷി, ചോളക്കൃഷി, മത്സ്യക്കൃഷി എന്നിവ പ്രോത്സാഹിപ്പിക്കും. എന്നാൽ നെൽക്കൃഷിയെ ദോഷകരമായി ബാധിക്കുന്ന തരത്തിലുളള മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കില്ലായെന്നും അദ്ദേഹം പറഞ്ഞു. അരിമ്പൂർ മനക്കൊടി വെളുത്തൂർ ഉൾപ്പാടത്ത് വച്ച് നടന്ന യോഗത്തിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൃഷി ഓഫീസർ മിനി.കെ.എസ്, കെ.എസ്.എ.എം.എം, സി. ഇ .ഒ .ഡോ. ജയകുമാരൻ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയ കെ.എസ്, ജില്ലാ പഞ്ചായത്തംഗം വി.എൻ സുർജിത്ത്, അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിമി ഗോപി, ഓപ്പറേഷൻ കോൾഡബിൾ ലെയ്സൺ ഓഫീസർ ഡോ. വിവൻസി എ.ജെ തുടങ്ങിയവർ പങ്കെടുത്തു.
അമൃത് പദ്ധതി നഗരത്തിൽ ജലശുദ്ധീകരണ ശാല
പ്രതിദിനം 200 ലക്ഷം ലിറ്റർ കുടിവെള്ളമെത്തും
തൃശൂർ : കോർപറേഷനിലെ ശുദ്ധജല ആവശ്യകത പരിഹരിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പീച്ചിയിൽ നിലവിലുള്ള ജലശുദ്ധീകരണ ശാലയോട് ചേർന്ന് 20 ദശലക്ഷം ജലം വിതരണം ചെയ്യുന്നതിനായി പുതിയ ശുദ്ധീകരണശാല പൂർത്തീകരിച്ചു. നിർമ്മാണം പൂർത്തീകരിച്ച 20 എം.എൽ.ഡി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് അയ്യന്തോൾ ഇ.കെ മേനോൻ മന്ദിരത്തിൽ കോർപ്പറേഷൻ മേയർ എം.കെ വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു.
പ്രതിദിനം ആളോഹരി 150 ലിറ്റർ ജലത്തിന് മുകളിൽ ലഭ്യമാക്കുന്ന രീതിയിലാണ് പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്. പീച്ചി റിസർവോയറാണ് ഈ പദ്ധതിയുടെ ജല സ്രോതസ്. 17.30 കോടി രൂപ ചെലവഴിച്ച് പ്രതിദിനം 200 ലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കുന്ന ആധുനിക വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റാണിത്. കേരള വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ പൗളി പീറ്റർ പദ്ധതി വിശദീകരിച്ചു. റോ വാട്ടർ പമ്പ് സെറ്റ് സ്വിച്ച് ഓൺ കർമം കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ ഓൺലൈനിൽ നിർവഹിച്ചു. ക്ലാരിഫ് ലോക്കുലേറ്റർ യൂണിറ്റുകളുടെ ഉദ്ഘാടനം ചീഫ് വിപ്പ് അഡ്വ. കെ. രാജൻ നിർവഹിച്ചു. ഫിൽറ്റർ ഹൗസ്, കെമിക്കൽ ഹൗസ് എന്നിവയുടെ ഉദ്ഘാടനവും നടന്നു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ സംസാരിച്ചു.
പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
150 എച്ച്.പി ശേഷിയുള്ള റോ വാട്ടർ പമ്പ് സെറ്റ്
200 മീറ്റർ നീളമുള്ള 500 എം.എം.ഡി.ഐ റോ വാട്ടർ പമ്പിംഗ് മെയിൻ
20 എം.എൽ.ഡി ജലശുദ്ധീകരണശാല
10 ലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധജല ഭൂഗർഭ സംഭരണി