action-counsil

ചാവക്കാട്: ദേശീയപാതാ വികസനത്തിന്റെ പേരിലുള്ള അന്യായ കുടിയൊഴിപ്പിക്കൽ നടപടികൾക്കെതിരെ എൻ.എച്ച് ആക്‌ഷൻ കൗൺസിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ ഉച്ചയ്ക്ക് പൊരിവെയിൽ സമരം സംഘടിപ്പിച്ചു. ആക്‌ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഇ.വി. മുഹമ്മദലി സമരം ഉദ്ഘാടനം ചെയ്തു.

സർക്കാർ വികസന മുന്നേറ്റം നടത്തുമ്പോൾ പതിനായിരക്കണക്കിന് കുടുംബങ്ങൾ തെരുവിലേക്കിറങ്ങേണ്ട അവസ്ഥയാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിയമ വിരുദ്ധമായ മുഴുവൻ നടപടികളും സർക്കാർ നിറുത്തിവച്ചില്ലെങ്കിൽ സമാന ചിന്താഗതിക്കാരെ ഉൾപ്പെടുത്തി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയെ നിറുത്തുന്ന കാര്യം ആലോചിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.

മണ്ഡലം ചെയർമാൻ വി. സിദീഖ് ഹാജി അദ്ധ്യക്ഷനായി. ഉസ്മാൻ അണ്ടത്തോട്, സി.ആർ. ഉണ്ണിക്കൃഷ്ണൻ, കെ.എ. സുകുമാരൻ, ഹാരിസ് കോട്ടപ്പുറം, വേലായുധൻ തിരുവത്ര, കമറു പട്ടാളം, സി. ഷറഫുദ്ദീൻ, ആരിഫ് കണ്ണാട്ട്, ഗഫൂർ തിരുവത്ര എന്നിവർ സംസാരിച്ചു.