
തൃശൂർ: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര 27ന് ജില്ലയിൽ പര്യടനം നടത്തും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന യാത്ര വൻ വിജയമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ് കുമാർ അറിയിച്ചു. പാലക്കാട് ജില്ലയിലെ പര്യടനത്തിന് ശേഷം 27 ന് രാവിലെ 9.30 ന് ചേലക്കര പ്ലാഴിയിലൂടെ ജില്ലയിലേക്ക് യാത്ര പ്രവേശിക്കും. ജില്ലാ അദ്ധ്യക്ഷൻ അതിർത്തിയിൽ ജാഥാ നായകനെ സ്വീകരിക്കും. ആദ്യ സ്വീകരണ സമ്മേളനം ചേലക്കര ടൗണിൽ നടക്കും. ചേലക്കരയിലെ യോഗത്തിൽ ശോഭാ സുരേന്ദ്രൻ, ജോർജ്ജ് കുര്യൻ, ഡോ. പ്രമീളാദേവി, പി.ആർ ശിവശങ്കരൻ എന്നിവർ പ്രസംഗിക്കും. വടക്കാഞ്ചേരി കുന്നംകുളം മണ്ഡലങ്ങളിലൂടെ യാത്ര മണലൂർ മണ്ഡലത്തിലെ ചൂണ്ടലിലെ സ്വീകരണ യോഗത്തിൽ 12 ന് എത്തും. സി.കെ പത്മനാഭൻ, കൃഷ്ണ കുമാർ, അഡ്വ. പ്രകാശ് ബാബു എന്നിവർ ചൂണ്ടലിൽ പ്രസംഗിക്കും. ഉച്ചയ്ക്ക് 1ന് തൃശൂർ കാസിനോ ഹോട്ടലിൽ പ്രമുഖരുമായി കൂടിക്കാഴ്ചയ്ക്കും ഉച്ചഭക്ഷണത്തിനും ശേഷം 3 ന് യാത്ര നാട്ടിക മണ്ഡലത്തിലെ ചേർപ്പിലെ മഹാത്മാ മൈതാനിയിലെത്തും. നാട്ടികയിൽ കേന്ദ്ര മന്ത്രി വി. മുരളീധരൻ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യും. 4.30 ന് പുതുക്കാട് ആമ്പല്ലൂരിലെത്തും. 5ന് ഇരിങ്ങാലക്കുടയിലും 6.30 ന് കൊടുങ്ങല്ലൂരിലും യാത്രയെത്തും. കൊടുങ്ങല്ലൂരിലെ സമാപന പൊതുസമ്മേളനം കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി വി. മുരളീധരനും കെ.എസ് രാധാകൃഷ്ണനും മറ്റ് കേന്ദ്ര സംസ്ഥാന നേതാക്കളും പങ്കെടുക്കും.