കൊടുങ്ങല്ലൂർ: മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെട്ട വിവിധ ആരാധനാലയങ്ങളുടെ അടിസ്ഥാന വികസന പ്രവൃത്തികൾക്കും കീഴ്ത്തളി ശിവക്ഷേത്ര പുനരുദ്ധാരണ പ്രവൃത്തികൾക്കും തുടക്കമായി. മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി പ്രദേശത്തെ പുരാതന കാലഘട്ടങ്ങളുടെ പൈതൃകം പേറുന്ന 38 ആരാധനാലയങ്ങൾക്കാണ് അടിസ്ഥാന വികസന സൗകര്യങ്ങൾ ഒരുക്കുന്നത്. 3.45 കോടി രൂപ ചെലവഴിച്ചാണ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.
ഇതിൽ കീഴ്ത്തളി ശിവക്ഷേത്രം, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, പടാകുളം അയ്യപ്പ ക്ഷേത്രം, നെൽപിണി ക്ഷേത്രം, ശൃംഗപുരം ശിവക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, തൃക്കുലശേഖരപുരം ക്ഷേത്രം, തൃപ്പേക്കുളം ശിവ ക്ഷേത്രം, ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എസ്.എൻ പുരം, കൊടുങ്ങല്ലൂർ കൊങ്കണി കൃഷ്ണ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളുടെ അടിസ്ഥാന വികസന പ്രവൃത്തികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. അതത് ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട അധികൃതരും കമ്മിറ്റിയും രൂപംകൊടുക്കുന്ന വികസന പ്രവർത്തനങ്ങളാണ് കേന്ദ്രീകൃത സ്വഭാവത്തോടെ നടപ്പാക്കുന്നത്.
കീഴ്ത്തളി ശിവക്ഷേത്രം പരിസരം, പുല്ലൂറ്റ് മുസിരിസ് വിസിറ്റേഴ്‌സ് സെന്റർ എന്നിവിടങ്ങളിൽ നടന്ന ചടങ്ങുകൾ അഡ്വ. വി ആർ. സുനിൽകുമാർ എം.എൽ.എയും മതിലകം ബംഗ്ലാവ് കടവ് പരിസരത്ത് നടന്ന ചടങ്ങ് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ നഗരസഭാ ചെയർപേഴ്‌സൺ എം.യു ഷിനിജ, വൈസ് ചെയർമാൻ കെ.ആർ ജൈത്രൻ, മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി.എം നൗഷാദ്, മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം സബിൻ, വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
..........................
ഒരുക്കുന്നത്
പദ്ധതി പ്രദേശങ്ങളിൽ സന്ദർശകർക്കുള്ള ഇരിപ്പിടങ്ങൾ, നടപ്പാതകൾ, ടോയ്‌ലറ്റ് ബ്ലോക്കുകൾ, സൗരോർജ വിളക്കുകൾ, കവാടങ്ങൾ, സൈക്കിൾ പാർക്കിംഗ് ഷെഡുകൾ, മാലിന്യം തള്ളാൻ സ്ഥലം തുടങ്ങിയ അടിസ്ഥാന വികസന നിർമ്മാണ പ്രവൃത്തികൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. ആരാധനാലയങ്ങളുടെ ചരിത്രവും പൈതൃകവും ആലേഖനം ചെയ്ത ബോർഡുകൾ, പൂന്തോട്ടങ്ങൾ, ഒരു കിലോമീറ്റർ ദൂരം വരെയുള്ള സ്ഥലങ്ങളിൽ ദിശാബോർഡുകൾ എന്നിവയും സ്ഥാപിക്കും.