ചാലക്കുടി: 112.20 കോടി രൂപ വരവും 109.14 കോടി രൂപ ചെലവും 3.05 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന നഗരസഭാ ബഡ്ജറ്റ് വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജു അവതരിപ്പിച്ചു. പ്രളയത്തിൽ നാശനഷ്ടമുണ്ടായ പാലങ്ങളും കൽവെർട്ടുകളും പുതുക്കിപ്പണിയുന്നതിന് രണ്ടു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

പ്രളയം മുൻകൂട്ടി അറിയുന്നതിന് ഒരു ഡിജിറ്റൽ പദ്ധതി ഈ വർഷം തന്നെ നടപ്പിലാക്കുന്നതിനും നടപടിയുണ്ടാകും. ഇൻഡോർ സ്‌റ്റേഡിയം അക്വയർ ചെയ്ത കേസിൽ ഇനിയും കൊടുത്തുതീർക്കാനുള്ള 25 കോടി രൂപ സമാഹരിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും അത്രയും തുക വായ്പ എടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ടൗൺഹാളിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് രണ്ട് കോടിയും നീക്കിവച്ചു.

നോർത്ത് ബസ് സ്റ്റാൻഡിന്റെ അവശേഷിക്കുന്ന പ്രവർത്തനങ്ങൾക്കും ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണത്തിന് സ്ഥലമെടുപ്പിനുമായി 50 ലക്ഷം രൂപ, ആധുനിക പാർക്ക് പ്രവർത്തന ക്ഷമമാക്കുന്നതിന്റെ ആദ്യഘട്ട നടപടികൾക്കായി ഒരു കോടി, ചാലക്കുടിച്ചന്തയെ ആധുനിക വത്കരിക്കുന്ന പ്രവർത്തനങ്ങളുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് രണ്ടു കോടി രൂപ എന്നിങ്ങനെ തുകകൾ ബഡ്ജറ്റിൽ വക കൊള്ളിച്ചു. കാർഷി ക മേഖലയെ പരിപോഷിപ്പിക്കൽ, മാലിന്യ സംസ്‌കരണം, ഹരിതഭവനം പദ്ധതി എന്നിവയ്ക്കായി ഒരു കോടി രൂപ വീതവും മാറ്റിവച്ചു.

വാടക വീടുകളിൽ താമസിക്കുന്ന 113 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് 1 കോടി രൂപ വകയിരുത്തി. പ്രോട്ടോകോൾ പാലിച്ചുള്ള യോഗത്തിൽ പൗരപ്രമുഖരെ ഒഴിവാക്കിയുള്ള ബഡ്ജറ്റ് അവതരണമായിരുന്നു ഇത്തവണത്തേത്. ചെയർമാൻ വി.ഒ. പൈലപ്പൻ യോഗത്തിൽ അദ്ധ്യക്ഷനായി.

റിയൽ എസ്റ്റേറ്റ് ലോബിക്കായുള്ള ബഡ്ജറ്റെന്ന് പ്രതിപക്ഷം

നഗരസഭാ വൈസ് ചെയർമാൻ അവതരിപ്പിച്ചത് ചാലക്കുടിയിലെ റിയൽ എസ്റ്റേറ്റ് ലോബിക്ക് വേണ്ടി തയ്യാറാക്കിയ ബഡ്ജറ്റാണെന്ന് ആരോപിച്ച് സ്വതന്ത്ര കൗൺസിലർമാരായ വി.ജെ. ജോജി, എലിസബത്ത് ടി.ഡി എന്നിവർ ബഡ്ജറ്റ് ചർച്ചാ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. കൃത്യതയും വ്യക്തതയും ഇല്ലാത്ത ബഡ്ജറ്റാണിതെന്നും സാധാരണക്കാരായ ചാലക്കുടി നിവാസികൾക്ക് ഗുണം ചെയ്യുന്ന ഒരു പദ്ധതി പോലും ഉൾപ്പെടുത്തിയിട്ടില്ലെന്നും ആരോപിച്ചായിരുന്നു പ്രതിപക്ഷ കൗൺസിലർമാരുടെ ബഹിഷ്‌കരണം.

നഗരത്തിന്റെ പ്രധാന ജലസ്രോതസായ പോട്ടച്ചിറ സംരക്ഷിക്കാൻ ഒരു പൈസ പോലും വകയിരുത്തിയിട്ടില്ല. സാധാരണക്കാർ ചികിത്സയ്ക്കായി ആശ്രയിക്കുന്ന വി.ആർ പുരം അർബൻ ഡിസ്‌പെൻസറിക്കായി ബഡ്ജറ്റിൽ ഒരു രൂപ പോലും നീക്കിവച്ചിട്ടില്ലെന്നു ഇവർ ആരോപിച്ചു.


അബദ്ധ പഞ്ചാംഗമായി നഗരസഭാ ബഡ്ജറ്റ്

അന്തർദേശീയ ഏജൻസികളിൽ നിന്നും ഒരു കോടി രൂപ വരവ് പ്രതീക്ഷിക്കുന്നതടക്കം അബദ്ധ പഞ്ചാംഗമായി മാറി ബഡ്ജറ്റ്. ആമുഖ പ്രസംഗത്തിലുള്ള മൂന്നു കോടിയോളം രൂപയുടെ പദ്ധതികൾ വിശദാംശങ്ങളിലില്ല. ഒരേ തലക്കെട്ടിൽ രണ്ടിടത്ത് പദ്ധതികൾക്ക് സംഖ്യ കാണിക്കുന്ന വിചിത്ര കണക്കുമുണ്ട്.

അന്തർദേശീയ ഏജൻസികളിൽ നിന്നും സാമ്പത്തിക സഹായം എന്ന കേട്ടുകേൾവിയില്ലാത്ത ഒരു കോടി രൂപ വരവിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിന് പടിഞ്ഞാറെ ചാലക്കുടി ഹെൽത്ത് സെന്റർ നിർമ്മാണം, വി.ആർ. പുരം അർബൻ ആരോഗ്യ കേന്ദ്രം, പോട്ട ആശാരിപ്പാറ ഗ്രൗണ്ട് എന്നിവയ്ക്കായി 25 ലക്ഷം വീതം നീക്കിവച്ചുവെന്നതിന്റെ വിശദാംശങ്ങളില്ല.

ലൈഫ് പദ്ധതിയിൽ 113 കുടുംബത്തിന് വീട് നൽകുന്നതിന് 3 കോടിയെന്ന് ആമുഖത്തിൽ പറയുമ്പോൾ തുടർന്നുള്ള കണക്കുകളിൽ ഇതിലെ 74 ലക്ഷം രൂപ കണ്ടെത്താനായില്ല. കൊവിഡ് വ്യാപനത്തിനിടയിലും പകർച്ച വ്യാധി നിയന്ത്രണത്തിന് ഒരു രൂപ പോലും നീക്കിവച്ചിട്ടില്ല.