
തൃപ്രയാർ: ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുന്ന രാഷ്ട്രീയ നിലപാടിനെ എതിർക്കാൻ കോൺഗ്രസിനാവുന്നില്ലെന്ന് ജാഥാ ക്യാപ്റ്റൻ എ. വിജയരാഘവൻ പറഞ്ഞു.
എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ വലപ്പാട് ചന്തപ്പടിയിലെ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു.
തീവ്ര ഹിന്ദുത്വത്തോട് സന്ധി ചെയ്യാനും, ബി.ജെ.പിയുമായി കൂട്ടുചേരാനുമുള്ള ന്യായം കണ്ടെത്തുകയാണ് കോൺഗ്രസ്. പിണറായി സർക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നു. 5 കേന്ദ്ര എജൻസികളെ അതിനായി വിളിച്ചുവരുത്തി. കേന്ദ്ര എജൻസികളെ ഇപ്പോൾ കോൺഗ്രസ് ന്യായീകരിക്കുകയാണ്. അതിലൂടെ കേന്ദ്രത്തെയും ന്യായീകരിക്കുന്നു. കോൺഗ്രസിന്റെ മുഖ്യശത്രു ഇടതുപക്ഷമാണ്. ബി.ജെ.പിയും കോൺഗ്രസുമില്ലാതെയുള്ള രാഷ്ട്രീയം രാജ്യത്ത് ഉയർന്നു വരണം. പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വരും. എൽ.ഡി.എഫിന് അഴിമതി രഹിതമായ ഭരണം സാദ്ധ്യമാക്കാൻ കഴിഞ്ഞു. എറ്റവും കൂടുതൽ വികസനം നടന്നത് പിണറായി വിജയന്റെ ഭരണകാലത്താണെന്നും എ. വിജയരാഘവൻ പറഞ്ഞു.
നാട്ടിക, കയ്പമംഗലം മണ്ഡലങ്ങളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഗീതാഗോപി എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു. ജാഥാ അംഗങ്ങളായ പി. സതീദേവി, കാസിം ഇരിക്കൂർ, ബിനു ജോസഫ്, പി.കെ രാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. മന്ത്രിമാരായ വി.എസ് സുനിൽകുമാർ, പ്രൊഫ. സി. രവീന്ദ്രനാഥ്, എം.എൽ.എമാരായ ഇ.ടി ടൈസൺമാസ്റ്റർ, പ്രൊഫ കെ.യു അരുണൻ, എൽ.ഡി.എഫ് നേതാക്കളായ ബേബി ജോൺ, എം.എം വർഗ്ഗീസ്, പി.കെ ഡേവിസ്, കെ.കെ വത്സരാജ് , പി.ആർ വർഗ്ഗീസ്, പി.എം അഹമ്മദ് എന്നിവർ സംബന്ധിച്ചു.
എൽ.ഡി.എഫ് വീണ്ടും അധികാരത്തിലെത്തും :
എ. വിജയരാഘവൻ
വടക്കാഞ്ചേരി: അഴിമതിക്കാരില്ലാത്ത സർക്കാരായതിനാൽ ഈ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ . എൽ .ഡി .എഫ് നയിക്കുന്ന വികസന മുന്നേറ്റ ജാഥയ്ക്ക് വടക്കാഞ്ചേരിയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ്.സർക്കാർ അധികാരത്തിലെത്തിയാൽ സ്ത്രീ ശാക്തീകരണത്തിന് മുൻതൂക്കം നൽകും. ഒരു നാടിനെ എങ്ങിനെ മാറ്റിയെടുക്കാൻ കഴിയുമെന്ന് എൽ.ഡി.എഫ് സർക്കാർ തെളിയിച്ചു. അതിൻ്റെ ഉദാഹരണമാണ് ജാഥയ്ക്ക് സ്തീകളടക്കമുള്ളവരുടെ പങ്കാളിത്തം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ നേതാവ് കെ.കെ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എ.സി മൊയ്തീൻ, സി. രവീന്ദ്രനാഥ്, വി.എസ് സുനിൽകുമാർ, എൽ.ഡി.എഫ്. നേതാക്കളായ കെ. രാധാകഷ്ണൻ, ഡോ. പി.കെ ബിജു, സി.എൻ ജയദേവൻ, കെ.പി രാജേന്ദ്രൻ, അഡ്വ.പി. സതീദേവി, കെ.പി മോഹനൻ, ബേബി ജോൺ മാസ്റ്റർ, എം.എം വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.