
തൃശൂർ: ആരോഗ്യശാസ്ത്ര സർവ്വകലാശാലയിലും ഇനി സൗരോർജ്ജം വൈദ്യുതിയാകും. സർവകലാശാലയിൽ പുതുതായി സ്ഥാപിച്ച 250 കിലോവാട്ട് ശേഷിയുള്ള സൗരോർജ്ജ വൈദ്യുതി നിലയത്തിന്റെ സ്വിച്ച് ഓൺ ഇന്നലെ നടന്നു. കേരളത്തിലെ സർവ്വകലാശാലകളിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജ്ജ നിലയങ്ങളിൽ രണ്ടാമത്തേതാണിത്.
പൂർണ്ണമായും സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെ പൂർത്തീകരിച്ച പദ്ധതിക്ക് 1.61 കോടി രൂപയാണ് ചെലവ്. സംസ്ഥാന വൈദ്യുതി ബോർഡ് കൺസൾട്ടന്റായി നിർമ്മിച്ച ഈ പ്ലാന്റിന്റെ നിർമ്മാണക്കരാർ കെൽട്രോണിനായിരുന്നു. കൂടാതെ ഇരുപത്തിയഞ്ച് വർഷത്തേക്കുള്ള പരിപാലനവും കെൽട്രോണിനാണ്.
സർവകലാശാലയെ വൈദ്യുതി ഉപയോഗത്തിൽ പൂർണ്ണമായും സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യവുമായാണ് പദ്ധതി.
സർവകലാശാലയുടെ നിലവിലെ വൈദ്യുതി ഉപയോഗത്തിന്റെ പകുതിയിലധികം ഈ സോളാർ നിലയത്തിൽ നിന്നും ലഭ്യമാകും. ഓഫീസ് അവധി ദിനങ്ങളിൽ ഉൽപാദിപ്പിക്കുന്ന വൈദുതിയും പ്രവൃത്തിദിനങ്ങളിൽ അധികം വരുന്ന വൈദുതിയും ഗ്രിഡിലേക്കു നൽകാൻ കഴിയും വിധത്തിലാണ് പദ്ധതി നടപ്പിലാക്കുക. ഇതുവഴി കേരളത്തിന്റെ വൈദ്യുതി ആവശ്യത്തിലേക്കും ആരോഗ്യസർവ്വകലാശാലയ്ക്ക് പങ്ക് നൽകാനാകുമെന്ന പ്രത്യാശയുമുണ്ട്. സൗരോർജ്ജ വൈദ്യുതി നിലയത്തിന്റെ സ്വിച്ച് ഓൺ സംസ്ഥാന വൈദ്യുതി ബോർഡ് തൃശൂർ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ സിദ്ധാർത്ഥൻ പി.ജി നിർവഹിച്ചു. സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, പരീക്ഷാ കൺട്രോളർ ഡോ. എസ്. അനിൽ കുമാർ, അക്കാഡമിക് ഡീൻ ഡോ. വി.വി. ഉണ്ണികൃഷ്ണൻ, റിസർച്ച് ഡീൻ ഡോ. കെ.എസ്. ഷാജി, കെൽട്രോൺ ഡെപ്യൂട്ടി ജനറൽ മാനേജർ ജോസ് എം.ജി. തുടങ്ങിയവർ പങ്കെടുത്തു.
വൈദ്യുതിയിൽ പൂർണ്ണ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സോളാർ പദ്ധതിയുടെ അടുത്ത ഘട്ടത്തിന്റെ പ്രാരംഭ നടപടി സർവ്വകലാശാല ആരംഭിച്ചു കഴിഞ്ഞു. എല്ലാ സർക്കാർ സ്ഥാപനങ്ങളും ലഭ്യമായ സൗകര്യം ഉപയോഗപ്പെടുത്തി ഇത്തരം പദ്ധതികൾ തുടങ്ങുന്നതിനു മുന്നോട്ടു വരുന്നത് നന്നായിരിക്കും.
ഡോ. എ.കെ. മനോജ് കുമാർ
സർവകലാശാല രജിസ്ട്രാർ