shanavas

തൃശൂർ: പൂർണമായും കൊവിഡ് പ്രതിരോധം ഉറപ്പാക്കിയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് ബൂത്തുകൾ സജ്ജീകരിക്കുകയെന്ന് കളക്ടർ എസ്. ഷാനവാസ് പറഞ്ഞു. ഒരു പോളിംഗ് ബൂത്തിൽ പരമാവധി ആയിരം പേർ മാത്രമാണ് വോട്ടു ചെയ്യുക. ഓരോ ബൂത്തിലും ബ്രേക്ക് ദ ചെയിൻ കിറ്റ്, മാസ്‌ക് കോർണർ എന്നിവ സജ്ജമാക്കും. ഓരോ ബൂത്തിലും വോട്ടർമാർക്ക് നൽകുന്നതിന് ഡിസ്‌പോസിബിൾ കൈയുറകളും ഉണ്ടാകും. തിരഞ്ഞെടുപ്പിന്റെ തലേ ദിവസം എല്ലാ പോളിംഗ് ബൂത്തുകളും അണുവിമുക്തമാക്കും. തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാകും വോട്ടർമാരെ ബൂത്തിലേക്ക് കയറ്റിവിടുക.

അതിനിടെ തിരഞ്ഞെടുപ്പ് ജോലിക്കായി ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള വിവരശേഖരണം തുടങ്ങി. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയാണ് തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും ജീവനക്കാർക്കും മാസ്റ്റർ ട്രെയിനർമാർക്കുമുള്ള പരിശീലന പരിപാടി ഇരിങ്ങാലക്കുട സെന്റ് ജോസഫ് സ്‌കൂളിൽ തുടങ്ങി.

പത്രിക സമർപ്പണത്തിനും മുൻകരുതൽ


പത്രിക സമർപ്പണത്തിന് സ്ഥാനാർത്ഥിക്കൊപ്പം രണ്ട് പേരെ മാത്രമേ അനുവദിക്കൂ. പത്രിക സമർപ്പിക്കാനെത്തുമ്പോൾ രണ്ട് വാഹനങ്ങളിൽ കൂടുതൽ പാടില്ല. റിട്ടേണിംഗ് ഓഫീസർമാരുടെ മുറികളിൽ ആവശ്യത്തിന് സ്ഥല സൗകര്യം ഉണ്ടായിരിക്കണം. പത്രിക സമർപ്പിക്കാനെത്തുന്നവർക്കും തെർമൽ സ്‌കാനിംഗിന് ശേഷമായിരിക്കും പ്രവേശനം അനുവദിക്കുക. സ്ഥാനാർത്ഥിയും ഒപ്പമെത്തുന്നവരും മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീൽഡ് എന്നിവ ധരിച്ചിരിക്കണം.

4700 വോട്ടിംഗ് യന്ത്രങ്ങൾ കൂടി


നിയമസഭാ തിരഞ്ഞെടുപ്പിന് ജില്ലയിൽ ഉപയോഗിക്കുന്നതിനായി 4700 ബാലറ്റ് യൂണിറ്റും 4700 കൺട്രോൾ യൂണിറ്റുകളും 5000 വി.വി പാറ്റ് യന്ത്രങ്ങളും എത്തിച്ചു. 4639 ബാലറ്റ് യൂണിറ്റ്, 4493 കൺട്രോൾ യൂണിറ്റ്, 4470 വി.വി പാറ്റ് യന്ത്രങ്ങൾ എന്നിവയുടെ പരിശോധന പൂർത്തിയാക്കി.

ഉദ്യോഗസ്ഥർക്ക് വാക്‌സിൻ വിതരണം


നിയമസഭാ തിരഞ്ഞെടുപ്പ് ജോലിക്ക് പരിഗണിക്കപ്പെടാൻ സാദ്ധ്യതയുള്ള ഉദ്യോഗസ്ഥർക്ക് കൊവിഡ് വാക്‌സിൻ വിതരണം തുടങ്ങി. സർക്കാർ വകുപ്പുകൾ, എയ്ഡഡ് കോളേജുകൾ, സ്‌കൂളുകൾ, സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് പ്രതിരോധ മരുന്ന് നൽകുക. സന്ദേശം ലഭിക്കുന്നതനുസരിച്ച് ജീവനക്കാർ നിശ്ചിത കേന്ദ്രങ്ങളിൽ എത്തി വാക്‌സിൻ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.