
അയ്യന്തോൾ: രാമവർമ്മ അപ്പൻ തമ്പുരാൻ സ്മാരകത്തിന് പുതിയ മുഖം. അയ്യന്തോൾ പഞ്ചിക്കലിലെ അപ്പൻ തമ്പുരാൻ സ്മാരക വായനശാല കെട്ടിടത്തിൽ നിർമ്മിച്ച ഒന്നും രണ്ടും നിലകളാണ് നിർമ്മിച്ചത്.
വി.എസ് സുനിൽ കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2018 -19 വാർഷിക കാലയളവിൽ അനുവദിച്ച 35.50 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. 1200 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച രണ്ട് നിലകളിൽ ഒന്നാം നിലയിൽ കമ്പ്യൂട്ടർ മുറിയും വിസ്തൃതിയേറിയ ലൈബ്രറി ഹാളും ഒരുക്കിയിട്ടുണ്ട്. രണ്ടാം നിലയിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ മീറ്റിംഗ് ഹാൾ സജ്ജമാക്കി. മലയാള സാഹിത്യരംഗത്ത് ശ്രദ്ധേയനായിരുന്ന രാമവർമ്മ അപ്പൻ തമ്പുരാന്റെ സ്മരണയ്ക്കായി 1946 ലാണ് വായനശാല ആരംഭിച്ചത്. 1975 മുതൽ കേരള സാഹിത്യ അക്കാഡമിയുടെ കീഴിൽ പ്രവർത്തിക്കുന്നു. മാതൃകാപരമായ സാംസ്‌കാരിക പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധ ആകർഷിച്ച വായനശാലയ്ക്ക് കഴിഞ്ഞ വർഷം മുതൽ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ എ പ്ലസ് പദവി ലഭിച്ചിട്ടുണ്ട്.
വായനശാലയിൽ ഗവേഷണ മൂല്യം കൂടിയ നിരവധി ഗ്രന്ഥങ്ങൾ
ഗവേഷണ മൂല്യം കൂടിയ നിരവധി ഗ്രന്ഥങ്ങൾ രാമവർമ്മ അപ്പൻ തമ്പുരാൻ സ്മരകത്തിൽ സൂക്ഷിച്ചിട്ടുണ്ട്. നൂറിലധികം വർഷത്തെ പഴക്കമുള്ള മാസികകളും സ്മാരകത്തിലുണ്ട്. മലയാളത്തിലെ ആദ്യകാല ആനുകാലികങ്ങൾ തൊട്ട് മൂവായിരത്തിൽപ്പരം വ്യത്യസ്ത പേരുകളിൽ ഉള്ള ആനുകാലികങ്ങളുടെ വൻശേഖരമുള്ള സാഹിത്യ അക്കാഡമിയുടെ ആനുകാലിക ലൈബ്രറിയും എഴുത്തുകാരുടെ മ്യൂസിയവും ഇവിടെയാണ് പ്രവർത്തിക്കുന്നത്. സാഹിത്യകാരന്മാർക്ക് താമസിച്ച് സർഗ്ഗസൃഷ്ടികൾ നടത്തുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന കൈരളീ ഗ്രാമവും ഈ സ്മാരക സമുച്ചയത്തിൽ പ്രവർത്തിക്കുന്നു. എഴുത്തുമുറി, അടുക്കള, വരാന്ത, നടുത്തളം തുടങ്ങിയ അത്യാവശ്യ സൗകര്യങ്ങൾ ഉൾപ്പെടുന്ന അഞ്ചു കോട്ടേജുകൾ കൈരളീ ഗ്രാമത്തിലുണ്ട്. ഇപ്പോൾ മാസിക ശേഖരത്തിൽ 7150 ബോണ്ട് വോള്യം മാസികകളുണ്ട്.