
തൃശൂർ : നിയമസഭാ തിരഞ്ഞെടുപ്പിന് കേളികൊട്ട് ഉയർന്നതോടെ കുംഭ മാസങ്ങളിലെ ചൂടിനെ വെല്ലുന്ന തിരഞ്ഞെടുപ്പ് ചൂടിലേക്ക് വീഴുകയാണ് തൃശൂരും. നിയമസഭാ തിരഞ്ഞെടുപ്പിൽ 13 ൽ 12 മണ്ഡലവും പിടിച്ച എൽ.ഡി.എഫ് മുഴുവനും പിടിക്കുമെന്ന അവകാശ വാദവുമായാണ് രംഗത്തുള്ളത്.
43 വോട്ടിന് പിടിച്ചടക്കിയ വടക്കാഞ്ചേരിയിൽ നിന്ന് രണ്ടക്കത്തിലേക്ക് സീറ്റ് നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. ലോക് സഭാ തിരഞ്ഞെടുപ്പ് മോഡലിൽ പ്രകടനം കാഴ്ച വച്ച് സീറ്റുകൾ പിടിച്ചടക്കാനുള്ള നീക്കത്തിലാണ് എൻ.ഡി.എ മുന്നണി. ലോക്‌സഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ ശക്തമായ തിരിച്ചു വരവ് നടത്തിയ യു.ഡി.എഫ് ജില്ലയിൽ ഉൾപ്പെടുന്ന മൂന്ന് പാർലമെന്റ് മണ്ഡലങ്ങളിലും മേധാവിത്തം നേടിയിരുന്നു. നാട്ടികയിൽ മാത്രമാണ് രണ്ടായിരത്തിൽ താഴെ ഭൂരിപക്ഷം ലഭിച്ചത്. എന്നാൽ, തദ്ദേശ തിരഞ്ഞടുപ്പിൽ വീണ്ടും യു.ഡി.എഫ് തകർന്നടിഞ്ഞു. ഇടതുമുന്നണിക്ക് വലിയ മുന്നേറ്റമുണ്ടായി. ജില്ലാപഞ്ചായത്തിലെ 29 ഡിവിഷനുകളിൽ 24 ഉം പിടിച്ചു. 16 ബ്‌ളോക്കുകളിൽ 13 എണ്ണവും 86 പഞ്ചായത്തുകളിൽ 69 പഞ്ചായത്തും നേടി. ഏഴിൽ അഞ്ചും നഗരസഭകളും കോൺഗ്രസ് വിമതന്റെ പിന്തുണയോടെ കോർപറേഷനും പിടിച്ചെടുത്തു. മുൻതൂക്കമുള്ള അവിണിശേരി പഞ്ചായത്തിൽ ബി.ജെ.പി വലിയ ഒറ്റകക്ഷിയായെങ്കിലും ഇതുവരെയും പ്രസിഡന്റിനെ തിരഞ്ഞെടുക്കാനായിട്ടില്ല. തിരുവില്വാമലയിൽ നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പിക്ക് ഭരണം കിട്ടിയത്. വീണ്ടും അങ്കം കുറിക്കുമ്പോൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ മേധാവിത്വം ഒരിക്കൽ കൂടി എൽ.ഡി.എഫിന് നിലനിറുത്താനാകുമോയെന്നത് ഏറെ ശ്രദ്ധേയമാകും.
സ്ഥാനാർത്ഥികളാകും താരങ്ങൾ
സ്ഥിരം മുഖങ്ങളെ ഇടത് മുന്നണി കൈയൊഴിയുന്നതോടെ പല മണ്ഡലങ്ങളിലും മത്സരം ആവേശകരമാകും. മൂന്ന് തവണയിൽ കൂടുതൽ മത്സരിച്ചവരെ ഒഴിവാക്കുന്നതോടെ മികച്ച സ്ഥാനാർത്ഥികൾ എല്ലാ മുന്നണികളുടെയും ജയപരാജയങ്ങളെ ഏറെ സ്വാധീനിച്ചേക്കും. രണ്ടോ മൂന്നോ മണ്ഡലങ്ങളൊഴികെ പല മണ്ഡലങ്ങളും ആരെയും സ്ഥിരമായി പിന്തുണക്കാത്തിടങ്ങളാണ്. അതിനാൽ ഗ്രൂപ്പിന് അതീതമായ സ്ഥാനാർത്ഥികളെ നിശ്ചയിച്ച് ശക്തമായ തിരിച്ചു വരവ് നടത്തുമെന്ന് യു.ഡി.എഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ലിസ്റ്റിലെ എ ക്ളാസ് മണ്ഡലങ്ങളുള്ള തൃശൂരിൽ അട്ടിമറി വിജയമാണ് എൻ.ഡി.എയും സ്വപ്‌നം കാണുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ്
കൂടുതൽ ഭൂരിപക്ഷം നേടിയ ഇടം
പുതുക്കാട്
സി. രവീന്ദ്രനാഥ് 79,464
സുന്ദരൻ കുന്നത്തുള്ളി 40986
എ. നാഗേഷ് 35,833
ഭൂരിപക്ഷം 38, 478 (എൽ.ഡി.എഫ്)
കയ്പ്പമംഗലം
ഇ.ടി സൈമൺ മാസ്റ്റർ 66,264
എം.ടി മുഹമ്മദ് നഹാസ് 33,384
ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് 30,641
ഭൂരിപക്ഷം 33,340 (എൽ.ഡി.എഫ്)
കുറഞ്ഞഭൂരിപക്ഷം ലഭിച്ച ഇടങ്ങൾ
ഇരിങ്ങാലക്കുട
കെ.യു.അരുണൻ 68,445
തോമസ് ഉണ്ണിയാടൻ 57,019
സന്തോഷ് ചെറാക്കുളം 30,420
ഭൂരിപക്ഷം 2711 (എൽ.ഡി.എഫ്)
വടക്കാഞ്ചേരി
അനിൽ അക്കര 65,535
മേരി തോമസ് 65,492
അഡ്വ. ഉല്ലാസ് ബാബു 26,652
ഭൂരിപക്ഷം 43 (യു.ഡി.എഫ്)