 
കൊടുങ്ങല്ലൂർ: പെരുംതോട് വലിയ തോട് മൂന്നാം ഘട്ട നവീകരണത്തിന് തുടക്കമാകുന്നു. മൂന്നാം ഘട്ടത്തിൽ ഒന്നര കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. നിലവിൽ തോടിന് രണ്ടടി ആഴം കൂട്ടി പുൽക്കാടുകൾ വൃത്തിയാക്കി സ്ലൂയിസ് കനാലുകൾ നവീകരിക്കും. കയ്പമംഗലം മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തിലൂടെ കടന്ന് പോകുന്ന പെരുംതോട് സമീപ പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുവാനും, ഭൂഗർഭജലം നിലനിറുത്തുവാനും പ്രധാന പങ്ക് വഹിക്കുന്നതാണ്.
പുൽക്കാടുകൾ, മാലിന്യങ്ങൾ എന്നിവ നിറഞ്ഞ് മലിനമായിരുന്ന പെരുംതോട് രണ്ട് വർഷം മുമ്പാണ് ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ചെയർമാനായും മുൻ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജനറൽ കൺവീനറായും അഞ്ച് പഞ്ചായത്തിലെ പ്രസിഡന്റുമാർ കൺവീനർമാരായും രൂപീകരിച്ച സമിതിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളും അതത് പ്രദേശത്തെ ബഹുജന സംഘടനകളും ക്ലബ് പ്രവർത്തകരും വിദ്യാർത്ഥികളും സംയുക്തമായി പെരുംതോട് വലിയ തോടിന് പുതുജീവൻ നൽകിയത്.
തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ഇരുകരകളും വൃത്തിയാക്കി കയർ ഭൂവസ്ത്രം വിരിച്ച് മനോഹരമാക്കിയാണ് നവീകരണം പൂർത്തിയാക്കിയത്. ഓരോ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി കൂടുതൽ സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ നടത്താനും നിലവിലെ തോടിന്റെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി പ്രാദേശിക താത്പര്യപ്രകാരം മത്സ്യ കൃഷിയിറക്കാനുമാണ് മൂന്നാം ഘട്ടത്തിലെ തീരുമാനങ്ങൾ.
ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ, പെരുംതോട് വലിയതോട് കോ- ഓർഡിനേറ്റർ രാധാകൃഷ്ണൻ .പി, എം.എസ് മോഹനൻ, കെ.പി രാജൻ, സീനത്ത് ബഷീർ, വിനീത മോഹൻദാസ്, ശുഭ, ആന്റോ, സോജൻ, ഹാരിസ്, നീതു മോഹൻ എന്നിവർ സംസാരിച്ചു.