ldf
എൽ.ഡി.എഫ് വടക്കൻ മേഖലാ ജാഥയുടെ ചാലക്കുടിയിലെ സ്വീകരണത്തോട് അനുബന്ധിച്ച് നടന്ന പ്രകടനം

ചാലക്കുടി: രാഷ്ട്രീയ കേരളത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ച് ഇക്കുറി എൽ.ഡി.എഫ് സർക്കാർ തുടർഭരണമുണ്ടാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. എൽ.ഡി.എഫിന്റെ വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ചാലക്കുടിയിൽ നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജാഥാ കാപ്ടൻ.

കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരും ഇപ്പോഴത്തെ പിണറായി സർക്കാരും തമ്മിലുള്ള വ്യത്യാസം ആബാലവൃദ്ധം ജനങ്ങളും ജീവിതത്തിലൂടെ തിരിച്ചറിഞ്ഞു. എല്ലാ മേഖലയിലും വികസനത്തിന്റെ കുതിച്ചു കയറ്റമുണ്ടാക്കിയ സർക്കാർ സാധാരണക്കാരുടെ ജീവിതത്തിന് കൈത്താങ്ങായി. ഉമ്മൻ ചാണ്ടി ഒരു വർഷം മുടക്കിയിട്ട സാമൂഹികപെൻഷൻ കുടിശിക തീർക്കുകയും ഇപ്പോൾ ആയിരത്തിയറുനൂറ് രൂപയാക്കുകയും ചെയ്തു. പെട്രോൾ, പാചക വാതകം എന്നിവയുടെ വില കുത്തനെ ഉയർത്തുന്നതിൽ മാത്രമാണ് നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനം പ്രകടമാകുന്നത്. നൂറു കോടി കർഷകരെ പറിച്ച് തെരുവിലിട്ട നരേന്ദ്ര മോദി അതിനു ന്യായീകരണം കണ്ടെത്തുന്നത് മൻമോഹൻ സിംഗ് സർക്കാരാണ് ഇതിന്റെ തുടക്കക്കാർ എന്നു പറഞ്ഞുകൊണ്ടാണ്. ഇതിനെതിരെ ഒന്നും ഉരിയാടാത്ത രാഹുൽ ഗാന്ധി, ചെന്നിത്തലയുടെ വാക്കുകേട്ടാണ് കേരളത്തിലെത്തി കടലിൽ ചാടുന്നതെന്നും വിജയരാഘവൻ പറഞ്ഞു.

ടൗൺഹാൾ മൈതാനിയിൽ നടന്ന യോഗത്തിൽ മന്ത്രിമാരായ പ്രൊഫ.സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, ബി.ഡി. ദേവസി എം.എൽ.എ, ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് തുടങ്ങിയവർ പ്രസംഗിച്ചു.