kulam
ശ്രീനാരായണപുരം ശ്രീ കൃഷ്ണ ക്ഷേത്രക്കുളം നാടിന് സമർപ്പിച്ച് മന്ത്രി വി.എസ് സുനിൽകുമാർ പ്രസംഗിക്കുന്നു

കൊടുങ്ങല്ലൂർ: പരമ്പരാഗത ജലസ്രോതസുകളുടെ സംരക്ഷണം സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമാണെന്ന് കൃഷി മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ. നബാർഡിന്റെ ധനസഹായത്തോടെ നവീകരിച്ച ശ്രീനാരായണപുരം ശ്രീകൃഷ്ണ ക്ഷേത്രക്കുളം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻതലമുറ നമുക്ക് വേണ്ടി കരുതിവച്ച സമ്പത്താണ് പരമ്പരാഗത ജലസ്രോതസുകൾ. ജലസ്രോതസുകൾ സംരക്ഷിക്കുന്നത് വികസനത്തിന്റെ പ്രധാന ഘട്ടമായിട്ടാണെന്നാണ് സർക്കാർ കരുതുന്നത്. പൈതൃക പ്രദേശങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള പ്രവർത്തനമാണ് സർക്കാർ നടപ്പിലാക്കുന്നത്. ക്ഷേത്രങ്ങളും ക്ഷേത്രത്തോടനുബന്ധിച്ച കുളങ്ങളും കാവുകളും സംരക്ഷിക്കുകയെന്നത് വളരെ കാര്യമായിട്ടാണ് സർക്കാർ കണക്കാക്കിയിട്ടുള്ളത്.

ജലസ്രോതസുകൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പും കെ.എൽ.ഡി.സിയും ചേർന്ന് നബാർഡിന്റെ ധനസഹായത്തോടെയാണ് ശ്രീനാരായണപുരം പഞ്ചായത്തിലെ ശ്രീകൃഷ്ണപുരം ക്ഷേത്രക്കുളം നവീകരിച്ചത്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രക്കുളം നവീകരണത്തിനായി 1.60 കോടി രൂപയാണ് വിനിയോഗിച്ചത്. 105 മീറ്റർ നീളവും 55 മീറ്റർ വീതിയുമുള്ള കുളത്തിന്റെ ആഴം കൂട്ടി,​ ചുറ്റും കരിങ്കൽ പാർശ്വഭിത്തി, രണ്ട് കൽപ്പടവ്, കുളത്തിന് ചുറ്റും നടപ്പാതയും കൈവരിയും എന്നിവ നിർമ്മിച്ചായിരുന്നു നവീകരണം.


ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിൽ ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷനായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ, മലബാർ ദേവസ്വം ബോർഡ് അംഗം ടി.എൻ ശിവശങ്കരൻ എന്നിവർ മുഖ്യാതിഥികളായി. ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനൻ, സുഗത ശശിധരൻ, ജയ സുനിൽരാജ്, കെ.കെ അബീദലി എന്നിവർ പങ്കെടുത്തു.