
ചേലക്കര: നീണ്ട അമ്പത്തി അഞ്ച് വർഷം. മുടങ്ങാതെ കാളിയ റോഡ് പള്ളി ജാറത്തിൽ മുട്ടും വിളിയുമായി എത്താറുള്ളതാണ് ഉസ്താദ് മുഹമ്മദ് ഹുസൈൻ. പക്ഷേ ഇത്തവണ ആശങ്കയായിരുന്നു. കെട്ട കാലമാണ്. പ്രായവുമേറി. ഇനി നേർച്ചയ്ക്ക് മുട്ടും വിളിക്കായി തന്നെ ക്ഷണിക്കുമോ.
നേർച്ച ആഘോഷം കാര്യമായി ഇല്ല തന്നെ. പള്ളി അങ്കണത്തിലേക്ക് വരുന്ന നേർച്ചകളെ മുട്ടും വിളിയുടെ അകമ്പടിയോടെയാണ് ഭാരവാഹികളെത്തി സ്വീകരിച്ചാനയിക്കാറ്. ഇത്തവണ നേർച്ച വരവ് ഇല്ല. ആശങ്ക പെരുത്തിരിക്കെ ജമാഅത്ത് കമ്മിറ്റി സെക്രട്ടറി വി.എസ് കാസിം ഹാജിയുടെ ഫോണെത്തി. നേർച്ച ആഘോഷം കൊഴുപ്പിക്കാൻ ഉസ്താദ് പള്ളിയിലെത്തണം.
അപ്രതീക്ഷിത വിളിയിൽ പെരുത്ത സന്തോഷമായി ഉസ്താദിന്. അമ്പത്താറാമാണ്ടിലും തന്റെ വരവ് മുടങ്ങിയില്ലല്ലോ എന്ന പ്രാർത്ഥനയും ഉള്ളിൽ. പൊതു കൊടിയേറ്റം മുതൽ നേർച്ച കഴിയുവോളം പള്ളി അങ്കണത്തിൽ നേർച്ച വിളംബരമായി തന്റെ ചീനിക്കുഴലും ഊതിക്കൊണ്ട് കൂട്ടുകാരോടൊപ്പം ഉണ്ടാകും. മുട്ടും വിളിക്കായി ചീനി (ഷഹനായ്), ഒറ്റ, മുരുശ്, ഡോൾ, സൈഡ് ഡ്രം എന്നീ വാദ്യോപകരണങ്ങളും ഉപയോഗിക്കുന്നുണ്ട്.
മോയിൻകുട്ടി വൈദ്യരുടെ ഇശലുകളായിരുന്നു ഉസ്താദ് കൂടുതലായി ചീനിയിലൂടെ പാടിയിരുന്നത്. കാലം മാറിയത് അനുസരിച്ച് ന്യൂ ജനറേഷൻ ഗാനങ്ങൾ വരെ ഉസ്താദ് പാടുന്നു. പ്രസിദ്ധമായ പല നേർച്ച ആഘോഷങ്ങളിലെയും സാംസ്‌കാരിക പരിപാടികളിലും നിറസാന്നിദ്ധ്യമായ എഴുപത്തി ഒന്നുകാരനായ മുഹമ്മദ് ഹുസൈൻ ഉസ്താദ് കണ്ണമ്പ്ര സ്വദേശിയാണ്.