ഇരിങ്ങാലക്കുട: വരുന്ന അസംബ്‌ളി തിരഞ്ഞെടുപ്പിൽ ശക്തമായ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നേറാൻ ബി.ഡി.ജെ.എസ് നിയോജക മണ്ഡലം നേതൃയോഗം തീരുമാനിച്ചു. ഇരിങ്ങാലക്കുടയിൽ നിന്നുള്ള ഒരു സംസ്ഥാന സെക്രട്ടറി പുതുതായി രൂപീകരിച്ച പ്രസ്ഥാനത്തിലേക്ക് പോയെങ്കിലും നേതാക്കളോ പ്രവർത്തകരോ അദ്ദേഹത്തോടൊപ്പം പോയിട്ടില്ലെന്ന് യോഗം വിലയിരുത്തി. എസ്.എൻ.ഡി.പി യോഗം, പുലയമഹാസഭ, വേട്ടുവ മഹാസഭ തുടങ്ങിയ പിന്നാക്ക സമുദായങ്ങളുമായി അടിയന്തര ചർച്ച നടത്തുന്നതിന് യോഗം തീരുമാനിച്ചു. സംസ്ഥാന നേതൃത്വം സ്ഥാനാർത്ഥി ചുരുക്കപ്പട്ടികയിലേക്ക് ആവശ്യപ്പെട്ട രണ്ട് സ്ഥാനാർത്ഥികളുടെ പേര് ജില്ലാ നേതൃത്വം വഴി സംസ്ഥാന അദ്ധ്യക്ഷന് കൈമാറി. മുകുന്ദപുരം യൂണിയൻ മുൻ സെക്രട്ടറിയും യോഗം കൗൺസിലറുമായ പി.കെ പ്രസന്നനാണ് പ്രഥമ പരിഗണന. എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ട്രഷററും ബി.ഡി.ജെ.എസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡന്റുമായ എ.ആർ ജയചന്ദ്രന്റെ പേരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ബി.ജെ.പിക്കോ മറ്റു ഘടകക്ഷികൾക്കോ ആണ് സീറ്റെങ്കിൽ സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിക്കാനും തീരുമാനിച്ചു. എ.ആർ ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ശ്രീലാൽ മുഖ്യപ്രഭാഷണം നടത്തി. പി.കെ പ്രസന്നൻ, കെ.കെ പ്രസാദ്, സുനിൽ വേളൂക്കര, അനിൽ കുമാർ, രാഗേഷ് കാട്ടൂർ തുടങ്ങിയവർ പ്രസംഗിച്ചു.