
തൃശൂർ : എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയിലെ ജനമുന്നേറ്റം ഭരണത്തുടർച്ചയുടെ കാഹളമാണെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. ഇത് കേരളത്തിൽ പുതുചരിത്രമാകും. എൽ.ഡി.എഫ് ജാഥയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽ.ഡി.എഫ് ഭരണത്തിൽ പാവപ്പെട്ടവർക്കാണ് മുൻഗണന. ഇത് ജനം തിരിച്ചറിയുന്നതിന്റെ തെളിവാണ് ജനപങ്കാളിത്തം. ലോകത്ത് വിദ്യാഭ്യാസം വാണിജ്യവത്കരിക്കുന്നു. കുട്ടികളുടെ ഉന്നത പഠനത്തിന് വായ്പയെടുത്ത് ജീവിതകാലം മുഴുവൻ വായ്പ തിരിച്ചടയ്‌ക്കേണ്ട സ്ഥിതിയാണ്. എന്നാൽ കേരളത്തിൽ കൊച്ചു കുട്ടികൾക്കുപോലും കംപ്യൂട്ടർ ഉൾപ്പടെ ഹൈടെക് പഠനം ഉറപ്പാക്കി. കെ ഫോൺ വരുന്നതോടെ വീട്ടിലിരുന്ന് സ്ത്രീകൾക്കടക്കം തൊഴിലവസരം ഒരുക്കും. ഉമ്മൻ ചാണ്ടിയുടെ കാലത്ത് 600 രൂപയായിരുന്ന പെൻഷൻ 1600 രൂപയാക്കി. 65,000 കോടിയുടെ അടിസ്ഥാന വികസന പദ്ധതികൾ നടപ്പാക്കി. ഇത് രാജ്യത്തിന് ബദലാണ്. കേന്ദ്രം ഭരിക്കുന്ന മോഡി സർക്കാർ തീവ്രഹിന്ദുത്വ നിലപാടുകളുമായി മുന്നോട്ട് പോവുകയാണ്. അവരുടെ പട്ടികയിൽ താഴ്ന്ന ജാതിക്കാർക്ക് ഇന്നും അയിത്തമാണ്. കോൺഗ്രസ് ബലഹീനരാണ്. അവർ മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്നു. കോൺഗ്രസ് നേതാക്കൾ തുരുതുരാ ബി.ജെ.പിയിലേക്ക് കാലുമാറുകയാണ്. ഏറ്റവും ഒടുവിൽ കേരളത്തിനടുത്ത പോണ്ടിച്ചേരിയിലും ഇത് കണ്ടു. 35 എം.എൽ.എമാരെ കിട്ടിയാൽ കേരളത്തിൽ ഭരണം പിടിക്കാമെന്ന് ബി.ജെ.പി നേതാവ് പറയുന്നു. എന്നാൽ ഇടതുപക്ഷത്തെ ഒരു എം.എൽ.എയെയും കാലുമാറ്റി കേരളത്തിൽ ബി.ജെ.പിക്ക് ഭരണം പിടിക്കാനാവില്ലെന്നും വിജയരാഘവൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ യു.ഡി.എഫ് നേതാക്കൾ
അറബിക്കടലിൽ ചാടേണ്ടി വരും: കാനം
തൃശൂർ : തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ രാഹുൽ ഗാന്ധിയെ പോലെ കേരളത്തിലെ യു.ഡി.എഫ് നേതാക്കളും അറബിക്കടലിൽ ചാടേണ്ടി വരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എൽ.ഡി.എഫ് വടക്കൻ മേഖല ജാഥയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ യാത്ര മുന്നോട്ട് പോകും തോറും അവരുടെ സീറ്റുകളുടെ എണ്ണം പെരുകുകയാണ്. യാത്ര തിരുവനന്തപുരത്ത് എത്തുമ്പോൾ കണക്ക് 140 കടക്കുമോയെന്നാണ് സംശയം. കൊവിഡ് കാലത്തും കേരളത്തിലെ ജനങ്ങളെ പട്ടിണിക്കിടാതെ സംരക്ഷിച്ചുവെന്നത് തന്നെയാണ് എൽ.ഡി.എഫ് സർക്കാരിന്റെ പ്രധാന നേട്ടം. ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ ട്രോളർമാർക്ക് സമുദ്രം തുറന്ന് കൊടുത്തത് കോൺഗ്രസും യു.പി.എ സർക്കാരുമാണ്.
എന്നാൽ ഇപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കുകയാണ്. എൽ.ഡി.എഫ് സർക്കാരിന് വ്യക്തമായ മത്സ്യനയമുണ്ട്. അത് മത്സ്യത്തൊഴിലാളികളെയും തീരമേഖലകളിൽ ഉള്ളവരെയും സംരക്ഷിക്കുന്നതാണ്. അഞ്ച് വർഷം മുമ്പ് ഉമ്മൻചാണ്ടി സർക്കാരിനെ പുറത്താക്കാൻ വെമ്പൽ കൊണ്ട ജനം ഇപ്പോൾ എൽ.ഡി.എഫ് സർക്കാരിന് തുടർഭരണം നൽകാനുള്ള തയ്യാറെടുപ്പിലാണെന്നും കാനം കൂട്ടിച്ചേർത്തു.