ഇരിങ്ങാലക്കുട : ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖജനാവു കൊള്ളയടിച്ചും ജീവനു ഭീഷണിയായും പാലം പണിതവർ ഇനി കേരളത്തിനു വേണ്ട. അൻപതു വർഷം മുന്നിൽ കണ്ട് പദ്ധതികൾ ആവിഷ്‌കരിച്ച സർക്കാരാണ് പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ. സമസ്ത മേഖലകളിലും വികസനം എത്തിക്കാനായി. പ്രാഥമിക വിദ്യാഭ്യാസരംഗം പോലും ലോക വിദ്യാഭ്യാസസ രംഗത്തോടു കിടപിടിക്കുന്ന തരത്തിൽ അത്യന്താധുനിക സാങ്കേതിക വിദ്യ നടപ്പിലാക്കി. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. അയോദ്ധ്യയിലെ ക്ഷേത്ര നിർമ്മാണം തെറ്റെന്ന് പറയാനുള്ള ആർജ്ജവം ഇടതുപക്ഷം കാണിച്ചപ്പോൾ അതിനോട് മൃദു സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചതെന്ന് വിജയരാഘവൻ കുറ്റപ്പെടുത്തി. എം.എൽ.എമാരെ കാലുമാറ്റി സർക്കാരുണ്ടാക്കുന്ന ബി. ജെ.പിക്ക് കേരളത്തിൽ അതിന് കഴിയില്ലെന്നും പറഞ്ഞു. ചാലക്കുടിയിൽ നിന്നുമെത്തിയ ജാഥയെ ആളൂരിലെ വാഴക്കുന്നിൽ നിന്നും നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. സംഘാടക സമിതി ചെയർമാൻ പി. മണി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജാഥാംഗങ്ങളായ കെ.പി രാജേന്ദ്രൻ, പി.ടി ജോസ്, ബിനോയ് ജോസഫ് എന്നിവർ പ്രസംഗിച്ചു. ജാഥാംഗങ്ങളായ പി. സതീദേവി, കെ. ലോഹ്യ, പി.കെ രാജൻ. ബാബു ഗോപിനാഥ്, കെ.പി മോഹനൻ, ജോസ് ചെമ്പേരി, കാസിം ഇരിക്കൂർ, എ.ജെ ജോസഫ് എന്നിവർ പങ്കെടുത്തു.