
തൃശൂർ : കുതിരാനിൽ അപകടങ്ങളും മരണങ്ങളും തുടർക്കഥയാകുമ്പോഴും ടണൽ തുറക്കുന്നതിനോ അപകടങ്ങൾ ഒഴിവാക്കുന്നതിനോ അധികൃതരുടെ ഭാഗത്ത് നടപടികൾ ഉണ്ടാകാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ രാത്രി കുതിരാൻ ടണലിന് സമീപം നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഒരാളുടെ ജീവൻ നഷ്ടപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ അപകടം. ഒരാൾ ഗുരുതരാവസ്ഥയിൽ തിവ്രപരിചരണ വിഭാഗത്തിലാണ്. അപകടങ്ങൾക്ക് പുറമേ അടിക്കടി ഉണ്ടാകുന്ന ഗതാഗത കുരുക്കും യാത്രക്കാരെ വലക്കുമ്പോഴും പരിഹാരം കണ്ടെത്തുന്നതിൽ ദേശീയപാത അധികൃതർ അലംഭാവം കാട്ടുകയാണ്. സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടിട്ടും ആവശ്യമായ നടപടി എടുക്കാൻ പോലും കരാറുകാർ തയ്യാറാകുന്നില്ല. ടണലുകളിൽ ഒന്ന് മാർച്ച് 31 നകം തുറന്നു കൊടുക്കാൻ സാധിക്കുമെന്നാണ് കരാറുകാർ ഇന്നലെ ഹൈക്കോടതിയിൽ പറഞ്ഞത്. മണ്ണുത്തി-വടക്കഞ്ചേരി പാതയുടെ വികസനം സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും ടണലുകളിൽ ഒന്നെങ്കിലും തുറക്കണമെന്നാവശ്യപ്പെട്ട് അഡ്വ.കെ.രാജൻ എം.എൽ.എയും കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്തും നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് കരാറുകാർ മാർച്ച് 31നകം ഒരു ടണൽ തുറക്കാമെന്ന് അറിയിച്ചത്. ടണൽ തുറക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന് ഹൈക്കോടതി കരാറുകാരെ ഓർമിപ്പിച്ചു. നേരത്തെ മുഖ്യമന്ത്രിയുടെ ജനസമ്പർക്ക യാത്രയുടെ ഭാഗമായി തൃശൂരിൽ എത്തിയപ്പോൾ ജനുവരി 31 നകം ടണൽ തുറക്കുമെന്ന പ്രഖ്യാപനവും നടത്തിയിരുന്നു.
പണി തുടങ്ങിയിട്ട് 11 വർഷം
കുതിരാനിലെ ഗതാഗത കുരുക്കും അപകടങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായി ടണൽ നിർമ്മാണത്തിന് 11 വർഷം മുമ്പാണ് കരാർ ഒപ്പിട്ടത്. ദേശീയപാത നിർമ്മാണത്തിന്റെ കരാറുകാരായ കെ.എം.സി കമ്പനി ഉപകരാർ നൽകുകയായിരുന്നു. 2009 ആഗസ്റ്റ് 24 കരാർ നൽകിയെങ്കിലും ഇതുവരെയും ഒരു ടണൽ പോലും പൂർത്തിയാക്കി തുറന്ന് കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ഒരു വർഷം മുമ്പ് 90 ശതമാനത്തോളം പണികൾ പൂർത്തിയായതാണ്. പത്ത് ശതമാനം പണി പൂർത്തിയാക്കാനാണ് ഇത്രയും കാലതാമസം എടുക്കുന്നത്.