തൃശൂർ: സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ഔട്ട്‌ലെറ്റുകൾ തുറന്ന് ട്രൈബൽവാലി കാർഷിക പദ്ധതിയിലൂടെ അതിരപ്പിള്ളിയിലെ ആദിവാസി വന വിഭവങ്ങൾ ഇനി ലോകവിപണിയിൽ. കൊച്ചി വിമാനത്താവളത്തിൽ ഔട്ട്‌ലെറ്റ് തുറക്കാൻ സർക്കാർ പദ്ധതി ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം, കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിൽ കൂടി ഔട്ട്‌ലെറ്റുകൾ തുറക്കുന്നതോടെ വനവിഭവങ്ങൾക്ക് ആഗോളവിപണി ഒരുങ്ങും.
അതിരപ്പിള്ളി പഞ്ചായത്തിലെ ജനസംഖ്യയുടെ 30 ശതമാനം ആദിവാസികളാണ്. കർഷകർക്കും വനിതകൾക്കും അഭ്യസ്തവിദ്യർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. തനത് രീതിയിൽ ഓരോ ഊരിന്റെയും സവിശേഷത നിലനിറുത്തിക്കൊണ്ടാണ് വിഭവങ്ങളുടെ ഉത്പാദനം. പൂർണമായും പരമ്പരാഗത വിത്തിനങ്ങളും നടീൽ വസ്തുക്കളുമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.
നാല് പ്രധാന കോളനികളിൽ വനിതാ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ പരമ്പരാഗത നടീൽ വസ്തുക്കൾ ഉത്പാദിപ്പിക്കുന്ന നഴ്‌സറികൾ സ്ഥാപിച്ചു. ഇവിടെ ഉത്പാദിപ്പിക്കുന്ന തൈകളാണ് ഉപയോഗിക്കുന്നത്. കൂടാതെ ഓരോ കോളനിയിലും കൃഷി പ്രവർത്തനം എളുപ്പമാക്കുന്നതിനായി യുവാക്കളെ പങ്കെടുപ്പിച്ച് കാർഷികയന്ത്രങ്ങൾ ഉപയോഗിക്കുന്ന കാർഷിക തൊഴിൽ സേനകളും രൂപീകരിച്ചിട്ടുണ്ട്. ഇത് യുവാക്കൾക്ക് സ്ഥിരംതൊഴിലും വരുമാനവും ഉറപ്പുവരുത്തും.
എല്ലാ ഉത്പന്നങ്ങളും സംഭരിച്ച്, സംസ്‌കരിച്ച് മൂല്യവർദ്ധിതമാക്കി മാറ്റുന്നതിനായി സെൻട്രൽ പ്രോസസിംഗ് യൂണിറ്റിന്റെ നിർമ്മാണം വെറ്റിലപ്പാറയിൽ പുരോഗമിക്കുകയാണ്.
ലക്ഷ്യം
കൃഷിയുടെ വ്യാപ്തിയും ഉത്പാദനവും ഉത്പാദന ക്ഷമതയും വർദ്ധിപ്പിക്കുന്നതിനും മണ്ണിന്റെ ജൈവ പരിപോഷണത്തിനും മേൽമണ്ണൊലിപ്പ് തടഞ്ഞ് വളക്കൂറ് നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിനും മെച്ചപ്പെട്ട വിളവും വരുമാനവർദ്ധനയും ലക്ഷ്യമിടുന്നതാണ് പദ്ധതി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന അതിരപ്പിള്ളി ട്രൈബൽവാലി കാർഷിക പദ്ധതി ആദിവാസി വിഭാഗത്തിന്റെ സമഗ്ര ഉന്നമനം ലക്ഷ്യമിടുന്നു. റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, കൃഷി വകുപ്പ്, യു.എൻ.ഡി.പി, പട്ടികവർഗ വികസന വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെ 10 കോടി രൂപ വിനിയോഗിക്കും. മൂന്നുവർഷം കൊണ്ട് പൂർത്തീകരിക്കും.
ഏകീകൃത ബ്രാൻഡിൽ
അതിരപ്പിള്ളി ട്രൈബൽവാലി കാർഷിക പദ്ധതിയിലൂടെ ഉത്പാദിപ്പിക്കുന്ന എല്ലാ ഉത്പന്നങ്ങളും അതിരപ്പിള്ളി എന്ന ഏകീകൃത ബ്രാൻഡിലാണ് ഗുണഭോക്താക്കൾക്ക് ലഭ്യമാകുക. അതിരപ്പിള്ളി ബ്രാൻഡ് ഉത്പന്നങ്ങളുടെ ലോഞ്ചിംഗ് മന്ത്രി അഡ്വ. വി.എസ്.സുനിൽകുമാർ നിർവഹിച്ചിരുന്നു.
18 ഉത്പന്നങ്ങൾ
വെള്ള, ചുവപ്പ് കുരുമുളക്, കുരുമുളകുപൊടി, കാപ്പിക്കുരു, റോസ്റ്റഡ് കാപ്പിക്കുരു, കാപ്പിപ്പൊടി, മഞ്ഞക്കൂവ പൊടി, മഞ്ഞൾ പൊടി, കൊക്കോപ്പൊടി, ജാതിപത്രി, കുടംപുളി, ഇഞ്ചി, വൻ തേൻ, കുറുംതേൻ, ചെറുതേൻ, തെള്ളി, അടക്ക തുടങ്ങിയ 18 ഉത്പന്നങ്ങളാണ് വിപണിയിലിറക്കുന്നത്. സമ്മാനമായി നൽകാൻ ഗിഫ്റ്റ് ഹാംപറുമുണ്ട്.
വിമാനത്താവളങ്ങളിലും പ്രധാന ഷോപ്പിംഗ് മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും ഉത്പന്നങ്ങൾക്ക് പ്രത്യേക കിയോസ്‌കുകൾ ഒരുക്കും. ഉത്പന്നങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിസ്ഥിതി സൗഹൃദ പാക്കേജിംഗാണ് നൽകിയിരിക്കുന്നത്. മണ്ണിനെ ആത്മാർത്ഥമായി സ്‌നേഹിക്കുന്ന, പ്രകൃതിക്ക് ഇണങ്ങുന്ന കൃഷിരീതി സ്വീകരിച്ചിരിക്കുന്നവരുടെ ഉത്പന്നങ്ങൾ വിപണിയിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കും.
- അഡ്വ. വി.എസ്. സുനിൽ കുമാർ
കൃഷിമന്ത്രി